ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് അർച്ചന കവി. കുട്ടിമാളുവായി പ്രേക്ഷക മനസ്സിലിടം നേടിയ താരം പിന്നീട് ‘മമ്മി ആൻഡ് മീ’, ‘ബെസ്റ്റ് ഓഫ് ലക്ക്’, ‘അഭിയും ഞാനും’, ‘ഹണി ബീ’, ‘പട്ടം പോലെ’, ‘നാടോടിമന്നൻ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2015 ൽ സ്റ്റാൻഡ് ആപ്പ് കൊമേഡിയനായ അഭീഷിനെ വിവാഹം ചെയ്ത് മുംബൈയിലേക്ക് താമസം മാറിയ അർച്ചന പിന്നീട് യൂട്യൂബ് ചാനലുമായി ക്രിയേറ്റീവ് രംഗത്ത് സജീവമായി. 2021 ൽ അഭീഷുമായി അർച്ചന വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘രാജ റാണി’ എന്ന സീരിയലിലൂടെ വീണ്ടും അഭിനയലോകത്ത് സജീവമാവുകയാണ് അർച്ചന. പ്രമുഖ അവതാരക ധന്യ വർമയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ചുളള സങ്കൽപ്പം, തന്റെ വിവാഹബന്ധം എന്നിവയെക്കുറിച്ച് മനസ്സു തുറക്കുകയാണ് അർച്ചന. ആവശ്യമെങ്കിൽ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെമന്ന അർച്ചന പറയുന്നു.”എന്റെ പ്രായത്തിലുളള പലരും ഡിവോഴ്സിലൂടെ കടന്ന് പോയിട്ടുണ്ട്. എന്തിനു വേണ്ടിയാണ് താൻ കല്യാണ കഴിക്കുന്നതെന്ന് ഒരാൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പെപ്പറിൽ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറിൽ സൈൻ ചെയ്യണം”അർച്ചന പറഞ്ഞു.
അഭീഷുമായി പിരിയാൻ എന്താണ് കാരണം എന്ന ചോദ്യത്തിന് തങ്ങളും ആവശ്യങ്ങൾ വളരെ വ്യത്യസ്തമാണെന്നാണ് അർച്ചന മറുപടി നൽകിയത്. വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അഭീഷെന്നും എന്നാൽ താൻ ഇമോഷ്ണലായിട്ടുള്ള വ്യക്തിയാണെന്നും അർച്ചന പറയുന്നു. പരസ്പരമുളള പ്രശ്നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാൻ തീരുമാനിച്ചതെന്നും അർച്ചന പറഞ്ഞു.
2015 ഒക്ടോബർ 31 നായിരുന്നു അർച്ചനയും അഭീഷുമായുളള വിവാഹം. കൊച്ചി വല്ലാർപാടം പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. അർച്ചനയുടെ ദീർഘകാല സുഹൃത്തായിരുന്നു അഭീഷ്.