ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറും മസിൽഖാനുമായ സൽമാൻ ഖാൻ സിനിമകളിൽ നായികമാരെ ചുംബിക്കാൻ മടിയുള്ള താരങ്ങളിലൊരാളാണ്. മൂന്നു ദശകങ്ങളോളമായി ബോളിവുഡിലെ റൊമാൻസ് ഹീറോയായി തിളങ്ങുന്ന സൽമാൻ ഒരിക്കൽ പോലും ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. നായികയെ ചുംബിക്കുന്നതു പോലുള്ള കാര്യങ്ങൾ സ്ക്രീനിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ തനിക്ക് അരോചകമായി തോന്നാറുണ്ടെന്ന് സൽമാൻ ഖാൻ തന്നെ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

കുടുംബസമേതം വീട്ടിലിരുന്ന് ഹോം തിയേറ്ററിൽ ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോൾ സിനിമയ്ക്ക് ഇടയിൽ കടന്നുവരുന്ന ചുംബനരംഗങ്ങള്‍ ജാള്യതയുണ്ടാക്കാറുണ്ടെന്നും അത്തരം രംഗങ്ങൾ വരുമ്പോൾ മുഖം തിരിച്ച് പരസ്പരം മറ്റെന്തെങ്കിലും സംസാരിക്കാറാണ് പതിവെന്നും അതോർമ്മയുള്ളതുകൊണ്ടാണ് താനും നായികയെ ചുംബിക്കാൻ മടിക്കുന്നതെന്നുമായിരുന്നു സൽമാൻ ഖാൻ കാരണം വ്യക്തമാക്കിയത്. എന്നാൽ, അതു മാത്രമല്ല ‘ഭായി’ സ്ക്രീനിൽ നായികമാരെ ചുംബിക്കാത്തതിന്റെ യഥാർത്ഥ രഹസ്യം എന്നു വെളിപ്പെടുത്തുകയാണ് സൽമാന്റെ സഹോദരനായ അർബാസ് ഖാൻ. കപിൽ ശർമ്മ ഷോയ്ക്കിടെയായിരുന്നു അർബാസിന്റെ ചിരിയുണർത്തുന്ന വെളിപ്പെടുത്തൽ.

Read more: സൽമാനും കത്രീനയും വാഗ അതിർത്തിയിൽ; ‘ഭാരതി’ന്റെ ഫസ്റ്റ് ലുക്ക്

സിനിമയിലെ ചുംബനരംഗങ്ങളെ കുറിച്ചും എത്രത്തോളം അത്തരം സീനുകൾ താങ്കളെ അസ്വസ്ഥനാക്കാറുണ്ട് എന്നുമുള്ള കപിൽ ശർമ്മയുടെ ചോദ്യത്തിന് ഞാൻ സ്ക്രീനിൽ ആരെയും ചുംബിക്കാറില്ല, അതുകൊണ്ട് അതെന്നെ ബാധിക്കുന്നില്ല എന്നായിരുന്നു സൽമാന്റെ ഖാന്റെ ഉത്തരം.

സൽമാന്റെ മറുപടിയ്ക്കു പിന്നാലെ അർബാസിന്റെ കുസൃതി നിറഞ്ഞ ഡയലോഗും എത്തി. “സ്ക്രീനിനു പിറകിൽ ധാരാളം ചുംബിക്കുന്ന ആളാണല്ലോ. പിന്നെന്തിന് സിനിമയിലും ചുംബിക്കണം,” എന്നായിരുന്നു അർബാസിന്റെ മറുപടി. സഹോദരന്റെ മറുപടി കേട്ട് സൽമാനും പൊട്ടിച്ചിരിച്ചു.

സംവിധായകൻ അലി അബ്ബാസ് സഫറിന്റെ ‘ഭാരത്’ എന്ന ചിത്രമാണ് ഏറെ പ്രതീക്ഷകളുണർത്തുന്ന അടുത്ത സൽമാൻ ചിത്രം. ‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭാരതി’നുണ്ട്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടായാണ് ‘ഭാരത്’. ‘സുല്‍ത്താന്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നിവയായിരുന്നു മുൻപ് ഈ കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook