സിനിമയിലല്ല, ജീവിതത്തിലും ശ്രീനിവാസൻ നമ്മളെ ചിരിപ്പിക്കും. വിനീത് ശ്രീനിവാസൻ നായകനാവുന്ന അരവിന്ദന്റെ അതിഥികൾ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് സ്വതസിദ്ധമായ ശൈലിയിൽ ശ്രീനി സംസാരിച്ചത്. പക്ഷേ ശ്രീനിവാസന്റെ സംസാരം കേട്ട ഒരാൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അരവിന്ദന്റെ അതിഥികള്‍’. കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തിനു സമീപം ഹോംസ്‌റ്റേ സേവനം നടത്തുന്ന അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിന് സംവിധായകൻ സത്യൻ അന്തിക്കാട് എത്തിയിരുന്നു.

എന്നെ ഇതുവരെ ആരും ഓഡിയോ ലോഞ്ചിന് വിളിച്ചിട്ടില്ലെന്നും ആദ്യമായിട്ടാണ് ഓഡിയോ ലോഞ്ചിന് എത്തുന്നതെന്നും ചടങ്ങിൽ ശ്രീനിവാസൻ പറഞ്ഞു. സത്യൻ അന്തിക്കാടിന്റെ നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. പക്ഷേ അദ്ദേഹം പോലും ഒരു ഓഡിയോ ലോഞ്ചിന് ഇതുവരെ വിളിച്ചിട്ടില്ലെന്ന് ശ്രീനിവാസൻ തമാശരൂപേണ പറഞ്ഞു.

‘ഞാനൊരു ഗായകനാവാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ആരും അവസരം നൽകിയില്ല. അതിനാൽ ഞാനൊരു മ്യൂസിക് ആൽബം ഇറക്കാൻ തീരുമാനിച്ചു. അതിൽ 15 ഓളം പാട്ടുകൾ ഉണ്ടാകും. സംഗീതവും ആലാപനവും ഞാൻ തന്നെയായിരിക്കും. കേൾക്കുന്നതും ഞാൻ തന്നെയായിരിക്കും’, ശ്രീനിവാസന്റെ വാക്കുകൾ കേട്ടപ്പോൾ നിറഞ്ഞ കൈയ്യടിയാണ് സദസിൽ നിന്നുയർന്നത്. മക്കൾക്ക് അഭിനയിക്കാൻ അവസരം ചോദിച്ച് ആരുടെ അടുത്തും ചെന്നിട്ടില്ലെന്നും അങ്ങനെയൊരു അച്ഛനല്ല താനെന്നും ശ്രീനിവാസൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ