Marakkar: Arabikadalinte Simham Release Date: സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
“സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു,” എന്നാണ് മോഹൻലാൽ കുറിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോവുകയായിരുന്നു. അതിനിടയിലാണ് പ്രേക്ഷകർക്ക് സന്തോഷകരമായ ഈ വാർത്ത താരം പങ്കുവച്ചത്. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്ജുന്, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
നൂറുകോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം. കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ‘മരക്കാറി’ൽ ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.
‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരു ചിത്രത്തിന്റെ ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.
Read more: നിങ്ങളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് കല്യാണി