ചെന്നൈ: എക്കാലത്തും രാഷ്ട്രീയാഭിപ്രായങ്ങളില്‍ നിന്നും മാറിനിന്നും വിമര്‍ശനങ്ങളെ വിഴുങ്ങിയും മാത്രം പരിചയമുള്ള ഇന്ത്യയുടെ മുഖ്യധാരാ സംഗീതലോകത്തിന് അപമാനമാണ് താന്‍ എന്ന് തെളിയിക്കുകയാണ് ഏ ആര്‍ റഹ്മാന്‍. സിയാറ്റില്‍ ഓര്‍ക്കസ്ട്രയുമായി ചേര്‍ന്നൊരുക്കിയ ഓര്‍ക്കസ്ട്രയിലാണ് റഹ്മാന്‍ നോട്ടുനിരോധനത്തെ പ്രതിപാദിക്കുന്നത്.

ഒരുപക്ഷെ ഭാരതീയ ജനതാ പാര്‍ട്ടി അധികാരമാവുന്നതിനെ തന്നെ സൂചിപ്പിക്കുന്ന ‘ദി ഫ്ലൈയിങ്ങ് ലോട്ടസ്’ എന്ന ആല്‍ബത്തിലൂടെ മദ്രാസ് മൊസാര്‍ട്ട് പറയുന്നത് ഇന്ത്യയുടെ ചരിത്രം തന്നെയാണ്. “നോട്ടുനിരോധനത്തിന്‍റെ സമയത്ത് ഇന്ത്യയില്‍ നടന്നത് എന്താണ് എന്നും ഭാവിയില്‍ എന്താണ് നടക്കുക എന്നും എനിക്ക് ഏതു വിധേനയും പ്രകടിപ്പിക്കണമായിരുന്നു.” പൊതുവേ മിതഭാഷിയായ റഹ്മാന്‍ ഒരു അഭിമുഖത്തില്‍ മനസ്സുതുറന്നു.

വാക്കുകളിലും വരികളിലും ചുരുക്കാതെ ഉപകരണസംഗീതത്തിന്‍റെ ചുവടുകളോടെയാണ് റഹ്മാന്‍ സമകാലീനസംഭവങ്ങളടങ്ങുന്ന രാഷ്ട്രീയം വായിച്ചു കേള്‍പ്പിക്കുന്നത്. പത്തൊമ്പത് മിനുട്ട് നീണ്ട രചനയ്ക്കായി തിരഞ്ഞെടുത്തത് പാശ്ചാത്യ ഓര്‍ക്കസ്ട്രയും. ഒരുപാട് ഉയര്‍ച്ചയും താഴ്ച്ചയും താളഭേദങ്ങളും അടങ്ങിയ ഗാനം. ശ്രോതാക്കളെ പ്രതീക്ഷ, നിരാശ, കോപം, ശാന്തി, സംശയം തുടങ്ങി ഒന്നിലേറെ ഭാവങ്ങളുടെ മിശ്രാനുഭവത്തിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.

ഒമ്പത് വ്യത്യസ്ത ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ‘ഡിമോണറ്റൈസേഷന്‍ 2016’ എന്നു പേര് നല്‍കിയിരിക്കുന്ന നാലുമിനുട്ടും 25 സെകന്റും ദൈര്‍ഘ്യമുള്ള ഗാനമാണ് ഏറ്റവും നീണ്ടത്.

അനുഭവതലത്തില്‍ ഏറെ പുതുമയേറിയ പരീക്ഷണമാണ് ഫ്ലൈയിങ്ങ് ലോട്ടസ്. റികാര്‍ഡോ അവര്‍ബക് സംയോജിപ്പിച്ച ഓര്‍ക്കസ്ട്രയിലെ ആദ്യഗാനത്തിന്‍റെ പേര്‍ ‘തിരംഗ’ എന്നാണ്. പ്രതീക്ഷ പരത്തുന്ന വയലിന്‍ നിറഞ്ഞ ഈ പാട്ടു മുതല്‍ അവസാന ഗാനം വരെയുള്ള ഒഴുക്ക് ഓര്‍ക്കസ്ട്രയ്ക്ക് പ്രൊഗ്രസീവ് സംഗീതത്തിന്‍റെ അനുഭൂതി ഉണ്ടാക്കുന്നുണ്ട്. മാസൂം, പുകാര്‍, ബെചൈന്‍, മനുഹാര്‍, മസ്ഥക്ബില്‍, സുബഹ്, ദി ഫ്ലൈയിങ്ങ് ലോട്ടസ് എന്നിങ്ങനെയൊക്കെയാണ് മറ്റു ഗാനങ്ങളുടെ പേര്.

ചടുലമായ താളക്രമങ്ങളിലൂടെയാണ് നോട്ടുനിരോധനം ആസ്പദമാക്കിയുള്ള ഗാനം ആരംഭിക്കുന്നത്. മധുരമായ വയലിനോടൊപ്പം ചെല്ലോയും ബ്രാസും അകമ്പടിയാവുന്നതോടെ ആഴമുള്ളതും കലാപകലുഷിതമായതുമായൊരു ഭാവതലം നിര്‍മിക്കാന്‍ മദ്രാസ് മൊസാര്‍ട്ടിനു സാധിക്കുന്നു. പിന്നാലെ വരുന്ന സ്ത്രീശബ്ദത്തിലുള്ള കോറസ് മറ്റെന്തിനെയോ വരവേല്‍ക്കുന്നെന്ന പ്രതീതി തീര്‍ക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രംഗപ്രവേശമായി. തൊട്ടുപിന്നാലെയായി അര്‍ണാബ് ഗോസ്വാമിയുടെയും ശബ്ദ സാമ്പിളുകളും . “ലോകം മുന്നോട്ട് പോവുകയാണ്” എന്നും ” ഡിസംബര്‍ മുപ്പത് വരെയും എനിക്ക് അവസരം തരൂ” എന്നുമുള്ള മോദിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ സാമ്പിള്‍ ചെയ്തശേഷം ” ഡിജിറ്റല്‍ ഇക്കോണമി രാജ്യത്തെ മുന്നോട്ടു നയിക്കും” എന്ന ഗോസ്വാമി വാദവും വരികയായി.

അന്ത്യവിധിദിനത്തെ അനുഭവിപ്പിക്കുന്നതാണ് പിന്നീടുള്ള വാദ്യമേളം. ക്രമേണ പുരോഗമിച്ചുകൊണ്ടിരുന്ന വാദ്യങ്ങള്‍ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുകയായി. നാടുനീളെ നീണ്ടുനിവര്‍ന്നിരുന്ന വരികളും നടുവൊടിഞ്ഞ സമൂഹവുമൊക്കെ നിങ്ങളുടെ മനസ്സില്‍ ചിത്രങ്ങളായി വന്നുവെങ്കില്‍ അതിശയിക്കാനില്ല. നോട്ടുനിരോധനകാലത്തെ രംഗങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് പോലെയാണ് ആല്‍ബത്തിന്‍റെ അവസാന ഭാഗം.

തനിക്ക് മാത്രം സാധ്യമാകുന്ന രീതിയില്‍ റഹ്മാന്‍ പ്രകാശിപ്പിച്ച ഇന്ത്യയെ കുറിച്ചുള്ള ദര്‍ശനം ഒരു ‘വിധിയെഴുത്ത്’ അല്ല എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. തനിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ലെന്നു പറയുന്ന റഹ്മാന്‍ ആ കാലയളവില്‍ ജനങ്ങള്‍ കടന്നുപോയതും പറഞ്ഞു പരന്നതുമായ സംഭവങ്ങളെ ഓര്‍ക്കസ്ട്രയിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുക മാത്രമായിരുന്നു എന്നും പറയുന്നു.

“സംഗീതം ശുഭാപ്തിവിശ്വാസത്തോടെയുള്ളൊരു സമീപനമാണ്. ഒപ്പം നമ്മള്‍ കടന്നുപോയതില്‍ കൂടിയുള്ള ഒരു യാത്രയും. അതില്‍ വ്യക്തിപരമായ അജണ്ടകളോ മതമോ ഒന്നും കടന്നുവരുന്നില്ല. അത് ദരിദ്രരെ പിടിച്ചുയര്‍ത്തുന്നു. നമ്മുടെ രാജ്യത്തെ ലോകത്തിലേറ്റവും മികച്ചതാക്കുന്നത്തിനായുള്ള ജൈത്രയാത്രയാണത്. ” ഫ്ലൈയിങ്ങ് ലോട്ടസിനെകുറിച്ച് റഹ്മാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ