മൂന്നു ദിവസങ്ങൾക്കു മുൻപ് തനിക്കും സംഘത്തിനും നേരിടേണ്ടി വന്ന അപകടത്തെ കുറിച്ച് തുറന്നു പറഞ്ഞ് മകൻ എ ആർ റമീൻ. ഒരു ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തുക്കിയിട്ടിരുന്ന വിളക്ക് നിലത്തു വീണെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നുമായിരുന്നു രമീനിന്റെ വാക്കുകൾ.
“ദൈവത്തോടും മാതാപിതാക്കളോടും കുടുംബത്തോടും നന്ദി പറയുന്നു. ഇവർ കാരണമായിരിക്കും ഞാനിപ്പോൾ ജീവിനോടെയുള്ളത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ഞാനൊരു ഗാനരംഗത്തിനു വേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു. എല്ല തരത്തിലുള്ള സുരക്ഷയും ഉറപ്പു വരുത്തിയെന്നാണ് അവർ പറഞ്ഞത്” വിളക്കു വീണു കിടക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് റമീൻ കുറച്ചതിങ്ങനെ.
“ഞാൻ ചിത്രീകരണത്തിനായി നടുക്ക് നിൽക്കുന്ന സമയത്താണ് വിളക്കു താഴേക്കു വീഴുന്നത്. ഒന്ന് അങ്ങോട് മാറിയിരുന്നെങ്കിലോ സമയത്തിനു എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലോ വിളക്ക് എന്റെ തലയിലേക്ക് വീഴുമായിരുന്നു. ഇപ്പോഴും ആ ഷോക്കിൽ നിന്ന് എനിക്കും സംഘത്തിനും കര കയറാനായിട്ടില്ല” റമീൻ കൂട്ടിച്ചേർത്തു.
അപകടത്തെ കുറിച്ച് എ ആർ റഹ്മാനും പ്രതികരിച്ചിരുന്നു. “കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്റെ മകനും അവരുടെ സംഘവും ഒരപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അവർക്ക് അപകടമൊന്നും സംഭവിച്ചില്ല. മുംബൈ ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം. നമ്മുടെ മേഖല വളരുന്നതിനുസരിച്ച് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്. അന്വേഷണത്തിൽ നിന്ന് ലഭിക്കാൻ പോകുന്ന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ” റഹ്മാൻ പറഞ്ഞു.
‘ഓ കാതൽ കൺമണി’ എന്ന ചിത്രത്തിലൂടെയാണ് റമീന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ‘ഗലാട്ട കല്യാണ’ത്തിലെ ‘സൂരവല്ലി പൊൺ’ ആണ് റമീൻ അവസാനമായി ആലപിച്ച ഗാനം.