മഴയെ തുടര്‍ന്ന് മാറ്റിവച്ച ‘എ.ആര്‍.റഹ്മാന്‍ ഷോ’ വീണ്ടും കൊച്ചിയിലേക്ക്. മെയ് 12ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് മഴ മൂലം മാറ്റിവച്ചത്. പുതിയ തീയതി ചാനല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23-24 തിയതികളില്‍ അങ്കമാലിയിലെ ഓഡിയക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. നേരത്തെ പരിപാടിയുടെ ടിക്കറ്റ് ഓൺലൈനായി വാങ്ങിയവർക്ക് പണം തിരികെ നല്‍കിയിരുന്നു.

ഔട്ട്‌ലെറ്റുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങിയിട്ടുള്ളവർ ഫ്ളവേഴ്സ് ടിവിയുടെ ഓഫീസിൽ പോയി പണം കൈപ്പറ്റാവുന്ന രീതിയിലും സൗകര്യം ഒരുക്കിയിരുന്നു. പരിപാടിയുടെ ടിക്കറ്റ് ഫ്ലവേഴ്സ് ടിവിയുടെ ഔദ്യോഗിക സൈറ്റില്‍ ബുക്ക് ചെയ്യാം. 5900, 2360, 1180 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റിവച്ചത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതായും അധികൃതർ പറഞ്ഞു.

എ.ആര്‍.റഹ്മാന് പുറമെ സംഗീത ലോകത്തെ പല പ്രമുഖരും ഷോയില്‍ പാടാന്‍ തയ്യാറായി എത്തിയിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ പരിപാടി മാറ്റിവയ്‌ക്കുകയായിരുന്നു. തങ്ങളെല്ലാവരും പെര്‍ഫോം ചെയ്യാന്‍ കമ്മിറ്റഡായവരാണെന്നും എന്നാല്‍ മഴ മൂലം ഷോ മാറ്റി വയ‌്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നും ഗായകൻ ഹരിചരന്‍ ട്വീറ്റ് ചെയ്തു. പിന്നാലെ ക്ഷമാപണം നടത്തി ചാനലും രംഗത്തെത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിയിലെത്തിയ എ.ആര്‍.റഹ്മാന്‍ ഷോ കാണാന്‍ ഇനിയും ആരാധകരുടെ ഒഴുക്കുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ