മഴയെ തുടര്‍ന്ന് മാറ്റിവച്ച ‘എ.ആര്‍.റഹ്മാന്‍ ഷോ’ നാളേയും മറ്റന്നാളുമായി നടക്കും. മെയ് 12ന് നടക്കേണ്ടിയിരുന്ന പരിപാടി കനത്ത മഴ മൂലം മാറ്റിവയ്‌ക്കുകയായിരുന്നു. നാളെയും മറ്റന്നാളുമായി (ജൂണ്‍ 23-24) അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. നേരത്തെ പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു.

പരിപാടിയുടെ ടിക്കറ്റ് ഫ്ളവേഴ്‌സ് ടിവിയുടെ ഔദ്യോഗിക സൈറ്റില്‍ ബുക്ക് ചെയ്യാം. ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലായിരുന്നു ഷോ മാറ്റിവച്ചത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷോ മാറ്റിവച്ചത്. ആരാധകരേയും സംഗീതാസ്വാദകരേയും തീരുമാനം ഏറെ വിഷമിപ്പിച്ചിരുന്നു.

എ.ആര്‍.റഹ്മാന് പുറമെ സംഗീത ലോകത്തെ പല പ്രമുഖരും ഷോയില്‍ പാടാന്‍ തയ്യാറായി എത്തിയിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ പരിപാടി മാറ്റിവയ്‌ക്കുകയായിരുന്നു. തങ്ങളെല്ലാവരും പെര്‍ഫോം ചെയ്യാന്‍ കമ്മിറ്റഡായവരാണെന്നും എന്നാല്‍ മഴ മൂലം ഷോ മാറ്റി വയ്‌ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്നും ഗായകന്‍ ഹരിചരന്‍ പറഞ്ഞത്.

പിന്നാലെ ക്ഷമാപണം നടത്തി ചാനലും രംഗത്തെത്തിയിരുന്നു. എന്തായാലും മഴ മേഘങ്ങളുടെ ഭീഷണിയില്ലാതെ നാളേയും മറ്റന്നാളുമായി സംഗീത ചക്രവര്‍ത്തി സ്റ്റേജിലെത്തുമ്പോള്‍ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ