വിവാഹങ്ങൾക്കൊടുവിൽ ‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദി ചിത്രം ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. കേരളത്തിലെ മുസ്ലീം പള്ളിയിൽ വച്ച് താലി ചാർത്തുന്ന ഹിന്ദു ദമ്പതികളുടെ വീഡിയോ വ്യാഴാഴ്ച്ച സംഗീതജ്ഞൻ എ ആർ റഹ്മാൻ പങ്കുവച്ചിരുന്നു. ട്വീറ്ററിലൂടെ ഷെയർ ചെയ്ത വീഡിയോ വൈറലാവുകയും ചെയ്തു.
ഇതാണ് മറ്റൊരു #KeralaStory” എന്നാണ് റഹ്മാൻ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മനുഷ്യത്വത്തിനോടുള്ള സ്നേഹത്തിനും കരുതലിനും അതിവരമ്പുകളില്ല എന്നും കൂട്ടിച്ചേർത്തു.
മകളുടെ വിവാഹം നടത്താനായി കഷ്ടപ്പെട്ടിരുന്നു അമ്മ സാമ്പത്തിക സഹായത്തിനായി പള്ളി കമ്മിറ്റിയെ സമീപിക്കുകയായിരുന്നെന്നാണ് ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴയിലാണ് ഈ സംഭവം നടന്നത്. പള്ളി കമ്മിറ്റി ഉടൻ തന്നെ സഹായം ലഭ്യമാക്കുകയും അവരുടെ നേതൃത്വത്തിൽ വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.
“ഇത് കേരളത്തിനു നൽകുന്നത് ഒരു സന്ദേശമാണ്. കേരളത്തിനു മാത്രമെന്ന് പറയാനാകില്ല, മതത്തിന്റെ പേരിൽ പരസ്പരം കൊല ചെയ്യുന്ന സമൂഹത്തിനോടുള്ള സന്ദേശമാണിത്. ഇവിടെ പരസ്പരം സ്നേഹിക്കാനാണ് നമ്മൾ പഠിപ്പിക്കുന്നത്. ആ സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നതും” ആലപ്പുഴ എം പി എ എം ആരിഫ് ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു.
ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ റഹ്മാന്റെ ഈ വീഡിയോ ശ്രദ്ധ നേടുകയാണ്. സുദീപ്തോ സെനിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിച്ചത് വിപുൽ അമൃത്ലാൽ ഷാ ആണ്. കേരളത്തിലെ ഹിന്ദു മതസ്ഥരായ പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക് മാറുന്നതും തുടർന്ന് അവർ ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേരുന്നതുമാണ് ചിത്രത്തിന്റെ കഥയെന്നാണ് വ്യക്തമാകുന്നത്.
പിണറായി വിജയൻ, ശശി തരൂർ തുടങ്ങിയ പ്രമുഖരെല്ലാം ചിത്രത്തിനെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. മനപൂർവ്വമായി ഉണ്ടാക്കിയെടുത്ത ഒരു പ്രൊപ്പഗാന്റയുടെ ഭാഗമാണ് ചിത്രമെന്നാണ് ഉയരുന്നു വരുന്ന ആരോപണങ്ങൾ.
ദി കേരള സ്റ്റോറിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ ട്രെയിലറും വിവാദങ്ങൾ സൃഷ്ടിച്ചു. കേരളത്തിലെ 32,000 സ്ത്രീകളുടെ ജീവിതമെന്നാണ് ട്രെയിലർ ഡിസ്ക്രിപ്ഷനിൽ ആദ്യം കുറിച്ചത് പിന്നീട് അതു മൂന്ന് പെൺകുട്ടികൾ എന്നാക്കുകയായിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ ആരംഭിച്ചു.