സ്ലംഡോഗ് മില്യണയറിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ ഈയടുത്ത് ഓസ്കര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ പങ്കെടുത്തിരുന്നു. വേദിയില്‍ റഹ്മാനെ അഭിമുഖം ചെയ്യാനുളള അവസരം അദ്ദേഹത്തിന്റെ മകള്‍ ഖദീജയ്ക്കാണ് ലഭിച്ചത്. ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബ് ധരിച്ചായിരുന്നു വേദിയിലെത്തിയത്. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. എന്നാല്‍ ഇതിനെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. റഹ്മാന്റെ മകള്‍ ‘യാഥാസ്ഥിതികവേഷം’ ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു ചിലരുടെ വിമര്‍ശനങ്ങള്‍.

എന്നാല്‍ ഇതിന് തക്കതായ മറുപടിയുമായാണ് റഹ്മാന്‍ രംഗത്തെത്തിയത്. ‘freedom to choose’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ പങ്കുവച്ച ഒരൊറ്റ ചിത്രത്തിലൂടെയാണ് റഹ്മാന്‍ വിമര്‍ശകരുടെ വായടപ്പിച്ചത്. ഭാര്യയും രണ്ട് പെണ്‍മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം’ എന്ന ഹാഷ്ടാഗും റഹ്മാന്‍ ചിത്രത്തിനൊപ്പം ചേര്‍ത്തു. ചിത്രത്തില്‍ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്.

ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല. സൈറ തലയില്‍ തട്ടം ഇട്ടിട്ടുണ്ടെങ്കിലും റഹീമ മുഖം മറയ്ക്കുകയോ തട്ടം ഇടുകയോ ചെയ്തിട്ടില്ല. ആരുടെയും നിര്‍ബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് ഖദീജയും വ്യക്തമാക്കി. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’ഖദീജ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook