മുംബൈ: ബോളിവുഡിൽ തനിക്കെതിരേ ഒരു പ്രവർത്തിക്കുന്ന ഒരു സംഘമുള്ളതായി വിഖ്യാത സംഗീതജ്ഞൻ എആർ റഹ്മാൻ പറഞ്ഞത് ഈ ശനിയാഴ്ചയാണ്. ഈ സംഘങ്ങൾ തന്നെ പ്രതികൂലമായി ബാധിച്ചതായും റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞിരുന്നു.

റഹ്മാന്റെ ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് സംവിധായകൻ ശേഖർ കപൂർ പറഞ്ഞ വാക്കുകളും അതിന് റഹ്മാൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പാഴായിപ്പോയ സമയം പിന്നീട് വരില്ലെന്നും നമുക്ക് മുന്നോട്ട് പോവാമെന്നും ചെയ്യാൻ വലിയ കാര്യങ്ങളുണ്ടെന്നുമാണ് ശേഖർ കപൂറിന്റെ ട്വീറ്റിന് റഹ്മാൻ മറുപടി നൽകിയത്.

“നഷ്ടപ്പെട്ട പണം തിരികെ വരും, പ്രശസ്തി വീണ്ടും വരും, പക്ഷേ നമ്മുടെ ജീവിതത്തിലെ പാഴായ പ്രധാന സമയം ഒരിക്കലും തിരിച്ചുവരില്ല. സമാധാനം! നമുക്ക് മുന്നോട്ട് പോവാം. നമുക്ക് ചെയ്യാൻ കൂടുതൽ വലിയ കാര്യങ്ങളുണ്ട്,” റഹ്മാൻ ട്വീറ്റ് ചെയ്തു.

ഓസ്കാർ പുരസ്കാര ജേതാവായ റഹ്മാൻ്റെ കഴിവ് ബോളിവുഡിന് താങ്ങാവുന്നതിലും അപ്പുറമാണെന്നായിരുന്നു ശേഖർ കപൂർ പറഞ്ഞത്. ബോളിവുഡിൽ പ്രതിസന്ധികൾ നേരിടാൻ കാരണം ഓസ്കാർ നേടിയതിനാലാണെന്നും കപൂർ പറഞ്ഞു.

Read More: ഒരാഴ്ചയിലെ സിനിമ വാർത്തകൾ; ഒറ്റനോട്ടത്തിൽ

“റഹ്മാൻ, നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ പോയി ഓസ്‌കർ നേടി. ബോളിവുഡിലെ അന്ത്യ ചുംബനമാണ് ഓസ്കാർ. ബോളിവുഡിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കഴിവുകൾ നിങ്ങൾക്കുണ്ടെന്ന് ഇത് തെളിയിക്കുന്നു,”- ശേഖർ കപൂർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി താൻ സംഗീത സംവിധാനം നിർവഹിച്ച ബോളിവുഡ് ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം തനിക്കെതിരേ ചില സംഘങ്ങൾ പ്രവർത്തിക്കുന്നതാണെന്നാണ് അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞത്.

Read More: ബോളിവുഡിൽ തനിക്കെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമുള്ളതായി എ.ആർ.റഹ്‌മാൻ

“നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാൻ കരുതുന്നു, തെറ്റിദ്ധാരണകൾ കാരണം ചില തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കുറച്ച് ചെയ്യുന്നത് (ഹിന്ദി സിനിമകൾ) എന്തുകൊണ്ടാണെന്ന്, നല്ല സിനിമകൾ എന്നിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന്,” റഹ്മാൻ പറഞ്ഞു.

“ഞാൻ കാമ്പുള്ള കാര്യം ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് സംഭവിക്കുന്നത് തടയുന്ന മറ്റൊരു സംഘമുണ്ട്. ഇത് കുഴപ്പമില്ല, കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്നു, എല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞാൻ എന്റെ സിനിമകൾ എടുക്കുകയും എന്റെ മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്കെല്ലാവർക്കും സ്വാഗതം. മനോഹരമായ സിനിമകൾ നിർമ്മിക്കുക, എന്റെ അടുത്തേക്ക് വരാൻ നിങ്ങൾക്ക് സ്വാഗതം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: Shekhar Kapur to AR Rahman: An Oscar is the kiss of death in Bollywood

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook