scorecardresearch

എ.ആര്‍.റഹ്മാന്‍റെ മാന്ത്രിക സംഗീതത്തിന് ശബ്ദമായ മലയാളികൾ

ഭാഷയോ സംസ്കാരമോ റഹ്മാന്‍റെ സംഗീതത്തിനു അതിരുകള്‍ സൃഷ്ടിക്കുന്നില്ല, എങ്കിലും അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ മലയാളിക്ക് അഭിമാനിക്കാന്‍, നെഞ്ചോടു ചേര്‍ക്കാന്‍ എ ആര്‍ റഹ്മാന് വേണ്ടി പാടിയ മലയാളി ഗായകരിലൂടെ ഒരു കണ്ണോട്ടം

എ.ആര്‍.റഹ്മാന്‍റെ മാന്ത്രിക സംഗീതത്തിന് ശബ്ദമായ മലയാളികൾ

എത്ര ആലങ്കാരിക പദങ്ങള്‍ ചേര്‍ത്തുവിളിച്ചാലും പിന്നെയും ബാക്കിയാകുമെന്നതിനാല്‍ എ ആര്‍ റഹ്മാന്‍ എന്ന് വെറുതേ അങ്ങ് പറഞ്ഞുപോകുന്നതാകും നല്ലത്. അതിലുണ്ട് എല്ലാം. ഇന്ത്യന്‍ സംഗീതത്തിന് പുതുവഴി വെട്ടിയ മനുഷ്യന്‍. സംഗീതത്തില്‍ മാത്രമല്ല, അതിന് ശബ്ദമാകാന്‍ ഗായകരെ തിരഞ്ഞെടുക്കുന്നതിലും റഹ്മാന്‍ പുലര്‍ത്തുന്ന സത്യസന്ധതയാണ് അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ സംഗീതജ്ഞനാകുന്നത്.

മലയാളിക്ക് മറക്കാനാവാത്ത സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്‍റെ മകന്‍ ദിലീപ് കുമാറാണ് പിന്നീട് എ ആര്‍ റഹ്മാന്‍ എന്ന സംഗീത ചക്രവര്‍ത്തിയായി തീര്‍ന്നത്. റഹ്മാന് ഒമ്പത് വയസുള്ളപ്പോളാണ് പിതാവ് മരിക്കുന്നത്. പിന്നീട് നിത്യജീവിതം മുന്നോട്ടു പോകാന്‍ അദ്ദേഹത്തിന്‍റെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കലായിരുന്നു ഏക വഴി. പിന്നീട് കുടുംബം ഇസ്ലാം മതം സ്വീകരിച്ചതോടെ ദിലീപ് കുമാര്‍ എ ആര്‍ റഹ്മാന്‍ ആയി.

ഇന്ത്യന്‍ സംഗീതത്തിന്‍റെ സാമ്പ്രദായിക ശീലങ്ങളുടെ തിരുത്തല്‍ കൂടിയാണ് എ ആര്‍ റഹ്മാന്‍. റഹ്മാന്‍റെ മലയാളി ബന്ധം പരാമര്‍ശിക്കാതെ പോയാല്‍ അദ്ദേഹത്തിന്‍റെ സംഗീത യാത്ര തന്നെ മുഴുവനാകില്ല. മലയാളത്തില്‍ ഒരു സിനിമയിലേ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുള്ളൂ. മോഹന്‍ലാല്‍ നായകനായ ‘യോദ്ധ’യില്‍. എന്നാല്‍ മലയാളി ഗായകരുമായുള്ള കൈകൊര്‍ക്കലുകള്‍ ധാരാളം. യേശുദാസ്, ചിത്ര, സുജാത, മിന്മിനി, ജയചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, ശ്രീനിവാസ് തുടങ്ങിയവരെല്ലാം റഹ്മാന്‍റെ സംഗീതത്തെ അവരുടെ ശബ്ദത്തിലൂടെ അനശ്വരമാക്കി.

കൂടുതല്‍ വായിക്കാം: രചന പി ഭാസ്ക്കരന്‍, സംഗീതം എ ആര്‍ റഹ്മാന്‍

എ.ആര്‍ റഹ്മാന്‍ എന്ന സംഗീത വിസ്മയത്തെ ലോകമറിഞ്ഞത് റോജയിലൂടെയാണ്. ചിത്രത്തില്‍ നാല് മലയാളി ഗായകരാണ് റഹ്മാന്‍റെ സംഗീതത്തിന് ശബ്ദമായത്. ‘ചിന്ന ചിന്ന ആസൈ’ എന്ന മിന്മിനി പാടിയ ഗാനം. രണ്ടായിരത്തോളം പാട്ടുകള്‍ പാടിയ മിന്‍മിനിയെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നത് ആ ഒരു പാട്ടിലൂടെയാണെന്നതില്‍ അത്ഭുതമില്ല.

‘പുതുവെള്ളൈ മഴൈ’ എന്ന ഗാനത്തിന് ശബ്ദമായത് സുജാതയും ഉണ്ണിമേനോനുമായിരുന്നു. പ്രണയത്തിന്‍ മഞ്ഞില്‍ മുങ്ങി അരവിന്ദ സ്വാമിയും മധുബാലയും അഭിനയിച്ച് അനശ്വരമാക്കിയ ഗാനം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ‘കാതല്‍ റോജാവേ’ എന്ന ഗാനവും എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം സുജാതയാണ് പാടിയത്. റോജയിലെ ‘രുക്കുമണി രുക്കുമണി’ എന്ന ഗാനമായിരുന്നു ചിത്ര പാടിയത്.

പിന്നീടും റഹ്മാനു വേണ്ടി ചിത്ര ശബ്ദം നല്‍കി അനശ്വരമാക്കിയ പാട്ടുകള്‍ ഏറെയുണ്ട്. പ്രഭുദേവയും നഗ്മയും അഭിനയിച്ച കാതലനിലെ ‘മലര്‍കളെ മലര്‍കളെ ഇത് എന്ന കനവാ’ എന്ന പാട്ട്, അരവിന്ദ് സ്വാമി മനീഷ കൊയ്‌രാള ജോഡികള്‍ അഭിനയിച്ച ബോംബെ എന്ന ചിത്രത്തിലെ ‘കണ്ണാളനേ എനത് കണ്ണില്‍’, മിന്‍സാര കനവ് എന്ന ചിത്രത്തിലെ ‘തന്താനേ തന്താനേ’ എന്ന ഗാനത്തിലൂടെ ചിത്ര ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. ‘അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ’ എന്ന ഗാനം ആര്‍ക്കാണ് മറക്കാനാകുക! ഓകെ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലെ ‘മലര്‍കള്‍ കേട്ടേന്‍ വനമേ തന്തനേയ്’ എന്ന ഗാനവും ചിത്രയുടെ ശബ്ദത്തില്‍ നമ്മള്‍ കേട്ടു.

തേനില്‍ ഒരല്‍പം പഞ്ചസാരവെള്ളം കൂടി കലക്കിയാല്‍ സുജാതയുടെ ശബ്ദമായി എന്ന് ആളുകള്‍ പറയാറുണ്ട്. അത്രയ്ക്ക് ‘സ്വീറ്റ്.’ കൂട്ടത്തില്‍ എ.ആര്‍ റഹ്മാന്‍റെ സംഗീതം കൂടിയുണ്ടെങ്കിലോ! ‘നേട്രു ഇല്ലാത മാട്ര’ ങ്ങളൊക്കെ വരും. ‘പുതു വെള്ളൈമഴൈ’, ‘എന്‍ വീട്ടു തോട്ടത്തില്‍ പൂവെല്ലാം കേട്ട് പാര്‍’, ‘പൂ പൂക്കും ഓസൈ’, ‘കാതല്‍ റോജാവേ’ എന്ന പാട്ടിന്‍റെ ഹമ്മിംഗ് പാടിയതും സുജാതയായിരുന്നു. ‘താള്‍’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ഇഷ്‌ക് ബിനാ ക്യാ’ എന്ന ഗാനവും സുജാതയെ അടയാളപ്പെടുത്തിയതായിരുന്നു. സുജാതയുടെ സംഗീത ജീവിതത്തില്‍ നിര്‍ണായകമായ കുറേ പാട്ടുകള്‍ നല്‍കിയതു പോലെ മകള്‍ ശ്വേതയ്ക്കും എ.ആര്‍ റഹ്മാന്‍ നല്ല പാട്ടുകള്‍ നല്‍കിയിട്ടുണ്ട്. മരിയാനിലെ ‘ഇന്നും കൊഞ്ചനേരം’ എന്ന ഒരു ഗാനം മതി ശ്വേത മോഹന്‍ എന്ന ഗായികയെ സംഗീത ലോകം എന്നും ഓര്‍ക്കാന്‍.

ഉണ്ണികൃഷ്ണന്‍ എന്ന മലയാളി ഗായകനെ മലയാളികള്‍ പോലും ഓര്‍ക്കുന്നത് എ.ആര്‍ റഹ്മാന്‍റെ ‘എന്നവളേ അടി എന്നവളേ’ എന്ന ഗാനത്തിലൂടെ ആയിരിക്കും. ഉണ്ണികൃഷ്ണന്‍റെ മാസ്റ്റര്‍പീസ് തന്നെയാണ് കാതലനിലെ ആ ഗാനം. പവിത്ര എന്ന ചിത്രത്തിലെ ‘ഉയിരും നീയെ’ എന്ന പാട്ടിന് അമ്മയുടെ സ്‌നേഹമാണ്.

എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഏക മലയാളം ചിത്രം യോദ്ധയിലെ ‘കുനു കുനെ’ എന്ന പാട്ടിന് ശബ്ദമായത് മലയാളത്തിന്‍റെ അനുഗ്രഹമായ യേശുദാസായിരുന്നു. യോദ്ധയിലെ തന്നെ ‘പടകാളി’ എന്ന ഗാനം യേശുദാസും എം.ജി ശ്രീകുമാറും ചേര്‍ന്നാണ് ആലപിച്ചത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം റഹ്മാനു വേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. ഡ്യുവെറ്റ് എന്ന തമിഴ് ചിത്രത്തിലെ ‘വെണ്ണിലാവിന്‍ തേരില്‍’, ഇന്ത്യനിലെ ‘പച്ചൈക്കിളികള്‍’, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ‘കണ്ണാമ്മൂച്ചി’ എന്ന ഗാനം ദേശത്തിലെ ‘തായ് സൊന്ന താരാട്ട്’. ഹിന്ദിയിലേക്ക് വന്നാല്‍ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലും, ദൌഡില്‍ ആഷാ ബോസ്ലേക്കൊപ്പം ‘ഓഹ് ബാേ്രവ’ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ഒരിക്കലേ ഹിന്ദിയില്‍ പാടിയിട്ടുള്ളൂ. അതും റഹ്മാനു വേണ്ടിയായിരുന്നു. അദാ എന്ന ചിത്രത്തിലെ ‘മുജേ മിലോ വഹാ വഹാ’ എന്ന ഗാനം ജയചന്ദ്രനും അല്‍കാ യാഗ്നിക്കും ചേര്‍ന്നാണ് പാടിയത്. പക്ഷെ ചിത്രം പുറത്തിറങ്ങിയില്ല.

ലഗാന്‍ എന്ന ഹിന്ദി ചിത്രത്തിലെ ‘ചലേ ചലോ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം റഹ്മാനുവേണ്ടി പാടിയത് ശ്രീനിവാസായിരുന്നു. പിന്നെയും നിരവധി പാട്ടുകള്‍ ശ്രീനിവാസ് റഹ്മാനുവേണ്ടി പാടിയിട്ടുണ്ട്.  ‘മിന്‍സാര പൂവെ’ എന്ന പാട്ട് മതി ശ്രീനിവാസിനെ എക്കാലവും ഓര്‍ക്കാന്‍.

തീര്‍ന്നില്ല വിജയ്‌ യേശുദാസ്, സയനോര, അല്‍ഫോന്‍സ്‌ എന്നിങ്ങനെ നീളും റഹ്മാന് വേണ്ടി പാടിയ മലയാളികളുടെ നിര.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ar rahman malayalam connection