എ ആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി. ഓഡിയോ എഞ്ചിനീയറായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. നിക്കാഹിനിടെ പകർത്തിയ ചിത്രം എ ആർ റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഖദീജയ്ക്കും നവവരനുമൊപ്പം റഹ്മാന്റെ ഭാര്യ സൈറ ബാനു, മകൾ റഹീമ, മകൻ അമീൻ എന്നിവരെയും കാണാം. റഹ്മാന്റെ അമ്മ കരീമയുടെ വലിയൊരു പോർട്രെയ്റ്റും ചിത്രത്തിന്റെ പശ്ചാത്തലത്തിലായി കാണാം.
ഗായിക ശ്രേയ ഘോഷാൽ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.
എന്തിരനിലെ ‘പുതിയ മനിത’ ഉൾപ്പെടെയുള്ള ഏതാനും ഗാനങ്ങൾ ആലപിച്ച ഗായിക കൂടിയാണ് ഖദീജ. 2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയിരുന്നു.
2019ൽ സ്ലംഡോഗ് മില്യണറുടെ പത്താം വാർഷിക പരിപാടിയ്ക്ക് മകൾ ഖദീജ നിഖാബ് ധരിച്ചതിനെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു.ഈ വിമർശനങ്ങളോട് റഹ്മാൻ പ്രതികരിച്ചത് ഭാര്യയും പെൺമക്കളും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചുനിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു, ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം’ എന്ന ക്യാപ്ഷനോടെ റഹ്മാൻ പങ്കുവച്ച ആ ചിത്രം ഏറെ ശ്രദ്ധ കവർന്നിരുന്നു.