മതവിശ്വാസം തന്റെ ജീവിതവും കരിയറും രൂപപ്പെടുത്തുന്നതിലും നിര്‍ണയിക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു എ.ആര്.റഹ്മാന്. 1989ല്‍ ഇരുപത്തിരണ്ടാം വയസ്സിലാണ് ദിലീപ്കുമാര് ഇസ്ലാമിക മതം സ്വീകരിച്ചുകൊണ്ട് എ.ആര്.റഹ്മാന് ആവുന്നത്. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം വ്യാഴാഴ്ച റോയിട്ടര്സിനു നല്കിയ അഭിമുഖത്തിലാണ് റഹ്മാന് തന്റെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും ലോകത്തെക്കുറിച്ച് വാചാലനായത്.
” ഇസ്ലാം ഒരു കടലാണ്. അതില്‍ ധാരാളം വിഭാഗങ്ങളുമുണ്ട്. ഏതാണ്ട് 70 ഓളം വിഭാഗങ്ങള്‍. ഞാന്‍ സൂഫിസത്തില്‍ വിശ്വസിക്കുന്നയാളാണ്. സൂഫി തത്വചിന്തകള്‍ പ്രണയത്തില്‍ അധിഷ്ഠിതമാണ്. ഈ തത്വചിന്തയില്‍ അധിഷ്ഠിതമായ ജീവിതമാണ് ഇന്ന് കാണുന്ന എന്നെ രൂപപ്പെടുത്തുന്നത്. തീർച്ചയായും, ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്, അത് മിക്കപ്പോഴും രാഷ്ട്രീയമാണെന്നാണ് ഞാൻ കരുതുന്നത്.” റഹ്മാന് പറഞ്ഞു.
ആത്മീയതയും കവിതയും പ്രണയവും സംഗീതവും ചേരുന്നതാണ് സൂഫിസത്തിന്റെ ലോകം. സൂഫിസത്തിലൂന്നിയ മുസ്ലിം മതവിശ്വാസം തിരഞ്ഞെടുത്തത് വഴി ലളിതമായതും താഴ്മയുള്ളതുമായ ഒരു ജീവിതം നയിക്കുകയാണ് താന്‍ എന്നാണ് റഹ്മാന് പറയുന്നത്. സൂഫിസത്തിന്റെ സ്വാധീനങ്ങള്‍ റഹ്മാന്റെ സംഗീതത്തിലും വളരെയേറെ പ്രതിഫലിക്കുന്നുണ്ട്. റഹ്മാന് സംഗീതം കൊടുത്തിട്ടുള്ള ‘അര്‍സിയാന്‍’, ‘ പിയാ ഹാജി’, ‘കുന് ഫയാ കുന്’, ‘ഖ്വാജാ മേരെ ഖ്വാജാ’, ‘മര്‍ഹബ യാ മുസ്തഫ’ തുടങ്ങിയ പാട്ടുകള്‍ സൂഫി സംഗീതത്തിന്റെ ഈണത്തിലും രീതിയിലുമാണ്.
അമ്പതുവയസ്സുകാരനായ റഹ്മാന് പൊതുവെ അഭിമുഖങ്ങളോട് മുഖംതിരിച്ചിരിക്കുന്നയാളാണ്. ലോകപ്രശസ്തരായ ഒട്ടനവധി കലാകാരന്മാരോടോപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. വേദിയില്‍ പൊതുവേ ശാന്തനായി അനുഭവപ്പെടാറുള്ള റഹ്മാന് സംഗീതത്തിന്റെ ആത്മീയതയില്‍ വിശ്വസിക്കുന്നു. ആളുകളെ ഒരുമിച്ചു ചേര്‍ത്തുപിടിക്കുന്നതാണ് സംഗീതം എന്നും തനിക്ക് സംഗീതത്തില്‍ ഇനിയും ധാരാളം ചെയ്യാനുണ്ട് എന്നുമാണ് റഹ്മാന് വിശ്വസിക്കുന്നത്.
“നിങ്ങള്‍ ഒരു ഓർക്കസ്ട്ര എടുക്കുകയാണ് എങ്കില്‍ അതില്‍ പലതരത്തിലുള്ള ആള്ക്കാര് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവസരങ്ങള്‍ ധാരാളമായി ലഭിക്കുന്നവരുണ്ടതില്, ഒട്ടും ലഭിക്കാത്തവരുമുണ്ട്. വിവിധ മതക്കാരുണ്ട്. എന്നാല്‍ പുറത്തുവരുന്ന ശബ്ദം ഒന്നാണ്. ഒരു സ്വരച്ചേര്‍ച്ച ലക്ഷ്യം വെച്ചാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്.