മദ്രാസ് മൊസാര്‍, ഇസൈയ് പുയല്‍, കാവിയ തലൈവന്‍… വിശേഷങ്ങള്‍ ഏറെയുണ്ടെങ്കിലും ലോക സംഗീതത്തിന് യാതൊരു വിശേഷണത്തിന്റേയും ആവശ്യമില്ലാത്ത പ്രതിഭയാണ് എ.ആര്‍ റഹ്മാന്‍ എന്ന മലയാളികളുടെ പ്രിയ ദിലീപ് കുമാര്‍.
മലയാളിക്ക് മറക്കാനാവാത്ത സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ മകന്‍ ദിലീപ് കുമാറാണ് പിന്നീട് എ ആര്‍ റഹ്മാന്‍ എന്ന സംഗീത ചക്രവര്‍ത്തിയായി തീര്‍ന്നത്. ആര്‍.കെ ശേഖര്‍ എന്ന സംഗീത സംവിധായകനെ കുറിച്ച് പറയാതെ എ.ആര്‍ റഹ്മാനിലേക്ക് എത്താനാകില്ല. മലയാള നാടക ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
1964ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോയുടെ ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതത്തിലേക്കുള്ള ശേഖറിന്റെ ചുവടുവയ്പ്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ ‘ചോറ്റാനിക്കര അമ്മ’യായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ. ഈ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. നാല്പത്തിമൂന്നാം വയസില്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളായിരുന്നു ആര്‍.കെ ശേഖര്‍ എന്ന അതുല്യ പ്രതിഭയെ മരണം കവരുന്നത്.
Read More: രചന പി ഭാസ്കരന്‍, സംഗീതം എ ആര്‍ റഹ്മാന്‍
അന്ന് ദിലീപ് കുമാറിന് പ്രായം വെറും ഒമ്പത് വയസ്. പിന്നീട് നിത്യജീവിതം മുന്നോട്ടു പോകാന്‍ അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കലായിരുന്നു ഏക വഴി. പിന്നീട് കുടുംബം ഇസ്ലാം മതം സ്വീകരിച്ചതോടെ ദിലീപ് കുമാര്‍ എ ആര്‍ റഹ്മാന്‍ ആയി. അച്ഛന്റെ മരണ ശേഷം കുടുംബം പോറ്റാനായി പരസ്യ ജിംഗിളുകളും ഓര്‍ക്കെസ്‌ട്രേഷനുമായി ചുറ്റി നടന്ന റഹ്മാന്‍ ആദ്യമായി ഈണമിട്ട മലയാളം ഗാനം കേള്‍ക്കാത്ത ഒരു മലയാളി പോലുമുണ്ടാകില്ല.
ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന്റെ സിഗ്നേച്ചര്‍ ഗാനമായ ‘ശ്യാമസുന്ദര കേരകേദാര ഭൂമി, ജനജീവിത ഫലധാന്യസമ്പന്ന ഭൂമി’ ആയിരുന്നു അത്. 1991ല്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ പി. ഭാസ്‌കരനായിരുന്നു.
പിന്നീട് സിനിമാ സംഗീത ലോകത്തേക്ക്. 1992ല്‍ മണി രത്‌നം സംവിധാനം ചെയ്ത ‘റോജ’യിലൂടെയാണ് റഹ്മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇവിടേയും റഹ്മാന്റെ മലയാളി ബന്ധം വ്യക്തമാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റ്. രണ്ടായിരത്തോളം പാട്ടുകള്‍ പാടിയിട്ടും ‘ചിന്ന ചിന്ന ആസൈ’ എന്ന പാട്ടിലൂടെയാണ് ഇന്നും സംഗീത ലോകം മിന്‍മിനി എന്ന ഗായികയെ ഓര്‍ക്കുന്നത്. ‘പുതു വെള്ളൈ മഴൈ’ എന്ന പാട്ടിന് ശബ്ദമായതും മലയാളികള്‍ തന്നെ. ഉണ്ണി മേനോനും സുജാതയും ചേര്‍ന്നാണ് ആ ഗാനം ആലപിച്ചത്. പിന്നീട് ‘കാതല്‍ റോജാവേ’ എന്ന ഗാനത്തിന് എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പം സുജാതയും ശബ്ദമായി.
Read More: എ.ആര്‍.റഹ്മാന്‍റെ മാന്ത്രിക സംഗീതത്തിന് ശബ്ദമായ മലയാളികൾ
അതിനു ശേഷം റഹ്മാന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്തു. 1992ല്‍ പുറത്തിറങ്ങിയ, സന്തോഷ് ശിവന്റെ സഹോദരന്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. വീണ്ടും വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു.
പിന്നീട് ഇതുവരെയുള്ള വര്‍ഷങ്ങളില്‍ യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ഉണ്ണികൃഷ്ണന്‍, എം.ജി ശ്രീകുമാര്‍, ശ്വേതാ മോഹന്‍ തുടങ്ങി ഒട്ടനവധി പേര്‍ റഹ്മാന്റെ സംഗീതത്തിന് ശബ്ദമായി.
നീണ്ട കാലയളവിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സംഗീതം വീണ്ടും റഹ്മാനിലൂടെ ആദരിക്കപ്പെടാന്‍ പോകുന്നത്.
എത്ര വിട്ടു നിന്നാലും കേരളത്തോടുള്ള അടുപ്പം റഹ്മാന്‍ എക്കാലവും സൂക്ഷിച്ചിരുന്നു. ഏറ്റവും ഒടുവില്‍, ഒരു മഹാപ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോളും, ആ നന്മയും സ്‌നേഹവും മലയളികള്‍ അനുഭവിച്ചറിഞ്ഞതാണ്. അമേരിക്കയില്‍ ഷോ നടത്താനായെത്തിയ റഹ്മാന്‍ അവിടെ കേരളത്തിനായി പാടി. ‘കേരളാ കേരളാ, ഡോണ്ട് വറി കേരളാ,’ എന്ന്.
ഇന്ന് റഹ്മാന്റെ 53ാം ജന്മദിനം. ഭാഷയോ സംസ്കാരമോ റഹ്മാന്‍റെ സംഗീതത്തിനു അതിരുകള്‍ സൃഷ്ടിക്കുന്നില്ല. അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ ഞങ്ങൾ പറയട്ടെ, ഡിയർ റഹ്മാൻ, ഇനിയ പുറന്തനാൾ വാഴ്ത്തുകൾ.