എഡിറ്ററാണ് താരം എന്ന് വേണമെങ്കില്‍ പറയാം. വെളളിയാഴ്ച തീയേറ്ററുകളിൽ എത്തിയ മൂന്ന് മലയാള ചിത്രങ്ങള്‍ക്ക് പിന്നിലും ഒരേ ചിത്രസംയോജകനാണ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ജയസൂര്യ നായകനാകുന്ന ‘അന്വേഷണം’, ജെനിത് കാച്ചപ്പള്ളിയുടെ ‘മറിയം വന്ന് വിളക്കൂതി’ , ആനന്ദ് മേനോൻ സംവിധാനം ചെയ്ത ‘ഗൗതമൻറെ രഥം’ എന്നീ മൂന്ന് ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച അപ്പു എൻ ഭട്ടതിരിയാണ് ഈ സിനിമ ഹാട്രിക്കിന്റെ ഉടമ. 2017-ലെ കേരളം സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള അപ്പു,’കുഞ്ഞിരാമായണം’, ‘തീവണ്ടി’ ഉൾപ്പെടെ പതിനഞ്ചോളം സിനിമകളുടെ എഡിറ്ററായി ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്.

മൂന്ന് സിനിമകളുടെയും സംവിധായകർ തമ്മിലുള്ള സൗഹൃദം തന്നെയാണ് ഒരേ സമയം റിലീസ് ആകുന്ന മൂന്ന് സിനിമകളിലേക്കും തന്നെ എത്തിച്ചതെന്ന് അപ്പു.

“മൂന്ന് സംവിധായകരും തമ്മിലുള്ള സൗഹൃദം എന്റെ സമയം അഡ്ജസ്റ്റ് ചെയ്തു മൂന്നിലും വർക്ക് ചെയുന്നത് കൂടുതൽ എളുപ്പമാക്കി . മൂന്ന് സിനിമയിലും ഒരേ സമയമാണ് പ്രവർത്തിച്ചിരുന്നതെങ്കിലും കാര്യമായ ക്ലാഷൊന്നും ഉണ്ടായില്ല,” അപ്പു ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു മൂന്ന് സുഹൃത്തുക്കളുടെ വ്യത്യസ്തമായ മൂന്ന് ചിത്രങ്ങൾ ആവും ഇതെന്നും അപ്പു വെളിപ്പെടുത്തുന്നു.

Read Here: ഇന്ന് റിലീസ് ചെയ്യുന്ന മൂന്നു മലയാള ചിത്രങ്ങള്‍

അന്വേഷണം, മറിയം വന്ന് വിളക്കൂതി, ഗൗതമന്റെ രഥം, Anveshanam, Mariyam Vannu Vilakkoothi, Gouthamante Radham, movie release, review, Anveshanam review, Gouthamante Radham review, Mariyam Vannu Vilakkoothi review, appu bhattathiri

കൊമേർഷ്യൽ ചിത്രങ്ങളാണ് കൂടുതൽ സന്തോഷം തരുന്നത്: അപ്പു എന്‍ ഭട്ടതിരി

2012 ഇൽ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്റ് ഷോ’യിൽ സഹ-സംവിധായകനായി സിനിമാ അരങ്ങേറ്റം കുറിച്ച അപ്പു പിന്നീട് ‘ഇറവെർസിബിൽ,’ ‘റേഡിയോ വുമൺ ഓഫ് പട്ടാറ,’ എന്നീ രണ്ടു ഹ്രസ്വ ചിത്രങ്ങളുടെ എഡിറ്റർ ആവുകയും തുടർന്ന് സനൽ കുമാർ ശശിധരന്റെ ആദ്യ ചിത്രമായ ‘ഒരാള്‍പൊക്ക’ത്തിലൂടെ സിനിമ എഡിറ്റിംഗിൽ കാലെടുത്തു വെക്കുകയും ചെയ്തു. തുടർന്ന് വിനീത് ശ്രീനിവാസന്റെ ‘കുഞ്ഞിരാമായണം,’ ടോവിനോ നായകനായ ‘തീവണ്ടി’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളും, ‘ഒഴുവുദിവസത്തെ കളി,’ ‘ഉടലാഴം,’ ‘സ്ലീപ്‌ലെസ്‌ലി യൗർസ്,’ തുടങ്ങി നിരൂപക പ്രശംസ നേടിയ കലാമൂല്യമുള്ള ചിത്രങ്ങളിലും എഡിറ്ററായി പ്രവർത്തിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘വീരം’ എന്ന ചിത്രത്തിനും രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘ഒറ്റ മുറി വെളിച്ചം’ എന്ന ചിത്രത്തിനുമാണ് മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന സിനിമാ പുരസ്‌കാരം അപ്പുവിന് ലഭിച്ചത്.

കൊമേർഷ്യൽ ചിത്രങ്ങളാണ് തനിക്കു കൂടുതൽ സന്തോഷം തരുന്നത് എന്ന് ചുരുങ്ങിയ കാലയളവില്‍ തന്നെ പല തരത്തിലുള്ള ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു പരിചയമുള്ള അപ്പു വ്യക്തമാക്കുന്നു.

“നമ്മൾ കഷ്ടപ്പെട്ട് ചെയുന്ന പ്രവൃത്തി കൂടുതൽ ആളുകളിലേക്ക്‌ എത്തുന്നത് തന്നെയാണ് സന്തോഷം. എന്നിരുന്നാലും ഞാൻ ചെയ്ത വർക്കുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പട്ട ഒന്ന് സുദീപ് ഇളമൻ-ഗൗതം സൂര്യ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘സ്ലീപ്‌ലെസ്സ്‌ലി യുവര്‍സ്’ എന്ന ചിത്രമാണ്. പക്ഷേ ആ ചിത്രം അധികം ആളുകൾക്ക് കാണാൻ അവസരം കിട്ടിയിട്ടില്ല.”

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എഡിറ്ററായി മാറിയ അപ്പുവിന്റെ സ്വപ്നം സ്വന്തമായി ഒരു സിനിമ എന്നുള്ളത് തന്നെയാണ്, ഈ തിരക്കുകൾക്കിടയിലും അതിന്റെ പണിപ്പുരയിലാണ് ഈ ചെറുപ്പകാരൻ.

“എഡിറ്റിംഗ് എന്ന പ്രോസസ്സ് ഞാൻ വളരെ അധികം ആസ്വദിക്കുന്നു എന്നുള്ളത് കൊണ്ടാണ് ഞാൻ എഡിറ്ററായി തുടർന്നത്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളതായിരുന്നു എപ്പോഴത്തെയും ആഗ്രഹം. ഇപ്പോൾ അത് യാഥാർഥ്യമാക്കാനുള്ള തിരക്കുകളും കൂടിയുണ്ട്. ഇപ്പോള്‍ എന്റെ സ്വന്തം സിനിമയുടെ രണ്ടാം ഘട്ടത്തിലേക്കു കടന്നു,” അപ്പു പറയുന്നു.

‘അനുഗ്രഹീതൻ ആന്റണി’ , ‘മണിയറയിലെ അശോകൻ’, ‘കോഴിപ്പോര്’ അപ്പുവിന്റെ ഈ മൂന്നു ചിത്രങ്ങളാണ് ഫെബ്രുവരിയിൽ റിലീസിന് ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook