പ്രളയത്തിനെയും അതിജീവിച്ച് ആ മാലാഖക്കുട്ടിയെത്തി, അവന്തിക ശരത്ത്- ‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അപ്പാനി ശരത്തിന്റെയും ഭാര്യ രേഷ്മയുടെയും മകൾ.
‘എന്റെ ജീവൻ’ എന്ന ക്യാപ്ഷനോടെ മകളുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ശരത്ത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞിന്റെ ജനനം.
പ്രളയസമയത്ത് ചെന്നൈയിൽ ഷൂട്ടിങ് തിരക്കുകളിൽ പെട്ടുപോയ ശരത്ത് ലൈവിൽ വന്ന്, പൂർണഗർഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ വെൺമണിയിൽ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവർത്തകരാണ് സുരക്ഷിത സ്ഥലത്തെത്തിച്ചത്. കഴിഞ്ഞ വർഷമാണ് അപ്പാനിയും രേഷ്മയും വിവാഹിതരായയത്.
വില്ലൻ അപ്പാനിയാണെങ്കിൽ, വില്ലന് എന്തിനാ സിക്സ് പാക്കും മസിലും എന്നു മലയാളികളെ കൊണ്ട് ചോദിപ്പിച്ചാണ് മെലിഞ്ഞ ശരീരവും നീട്ടി വളർത്തിയ മുടിയുമായി അങ്കമാലിയെ തോട്ടയെറിഞ്ഞ് വിറപ്പിച്ചു കൊണ്ട് ശരത്ത് മലയാള സിനിമയിലേക്ക് കയറി വന്നത്. മലയാളത്തിനു പുറത്ത് തമിഴിലും തിരക്കേറുകയാണ് ശരത്തിന്.
മണിരത്നം ചിത്രം ‘ചെക്ക ചിവന്തവാനം’, വിശാലിന്റെ ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങളിലെല്ലാം ശരത്തുണ്ട്. സിനിമയിൽ തിരക്കേറുന്നതിനൊപ്പം ജീവിതത്തിലേക്ക് ഒരു മാലാഖകുഞ്ഞ് കൂടി അതിഥിയായെത്തിയ സന്തോഷത്തിലാണ് ശരത്ത്.