അങ്കമാലി ഡയറീസ് എന്ന ചിത്രം കണ്ടിറങ്ങിയ കൂടുതല്‍ പേരും അന്വേഷിച്ചത് അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശരത് കുമാര്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായി. ഈ നടനിപ്പോള്‍ അറിയപ്പെടുന്നതു പോലും അപ്പാനി ശരത് എന്നാണ്.
ശരതിന്റെ പുതിയ ചിത്രം തമിഴിലാണ്. അതും മണിരത്നത്തോടൊപ്പം! ‘ചെക്ക സിവന്ത വാനം’ എന്ന ചിത്രത്തില്‍ വന്‍ താരനിരയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി ശരത്തുമുണ്ട്. വിശാലിന്റെ സണ്ടക്കോഴി 2ലെ വില്ലനും ശരത് തന്നെ. ചിത്രീകരണത്തിനായി ശരത് സെറ്റിലെത്തി.
ചിത്രത്തില്‍ ജ്യോതിക, ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഐശ്വര്യ രാജേഷ്, അതിദി റാവു ഹൈദര്‍ എന്നിവരുമുണ്ട്. ഫഹദ് ഫാസിലും ചെക്ക സിവന്ത വാനത്തിന്റെ ഭാഗമാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ചില് പ്രശ്നങ്ങള്‍ കാരണം ഫഹ്ദ പിന്മാറി എന്നാണ് അറിഞ്ഞത്. പിന്നീട് ആ റോളിലേക്ക് അരുണ്‍ വിജയ്നെ തിരഞ്ഞെടുത്തു.
അങ്കമാലി ഡയറീസിലെ ലോക്കല്‍ ഗുണ്ടയായ അപ്പാനി രവി എന്ന കഥാപാത്രത്തെ എല്ലാ സിനിമാ പ്രേമികളും ഒരു പോലെ അംഗീകരിച്ചതാണ്. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധായകന്. ചിത്രത്തിലെ 86 പുതുമുഖങ്ങളില്‍ ഒരാളായിരുന്നു ശരത്. പിന്നീട് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും ശരത് അഭിനയിച്ചു. ഒടിയനിലും ശരത് അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.