അഭിനയം മാത്രമല്ല തനിക്ക് ഒന്നാന്തരമായി സംഗീതവും വഴങ്ങുമെന്നു തെളിയിച്ചതാണ് യുവനടി അപർണ ബാലമുരളി. അരങ്ങേറ്റചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിൽ സ്വാഭാവികാഭിനയത്തോടൊപ്പം “മൗനങ്ങൾ മിണ്ടുമൊരീ’ എന്ന ഗാനം ആലപിക്കുക കൂടി ചെയ്തതോടെയാണ് തന്നിലൊരു ഗംഭീര ഗായിക കൂടിയുണ്ടെന്ന് അപർണ തെളിയിച്ചത്. പിന്നീട് അഭിനയിച്ച ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ “തെന്നൽ നിലാവിന്‍റെ കാതിൽചൊല്ലി’ എന്ന ഗാനം വിനീത് ശ്രീനിവാസനൊപ്പം പാടി ഹിറ്റാക്കുകയും ചെയ്തു.

ഗപ്പി എന്ന ചിത്രത്തിലെ ‘തനിയെ മിഴികള്‍’ എന്ന ഗാനത്തിലെ വരികള്‍ സ്വതസിദ്ധമായി ആലപിച്ചാണ് അപര്‍ണ വീണ്ടും കഴിവ് തെളിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഈ ഗാനം ആലപിച്ച സൂരജ് സന്തോഷിനേയും നായകനായിരുന്ന ടൊവിനോ തോമസിനേയും സാക്ഷിയാക്കിയാണ് അപര്‍ണയുടെ ആലാപനം. ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സംഗീതം ലഹരിയായി മാറുന്ന പുതുതലമുറയുടെ മനസറിഞ്ഞ പാട്ടുകാരനാണ് സൂരജ് സന്തോഷ്. ഗപ്പിയിലെ ഈ ഗാനത്തിലൂടെയാണ് സൂരജ് സന്തോഷ് മികച്ച ഗായകനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത്. സ്പന്ദിക്കുന്ന യുവത്വത്തിന് മുന്നില്‍ ‘ മസാല കോഫി’ എന്ന മ്യൂസിക് ബാന്‍ഡിലൂടെ സംഗീതത്തിന്റെ പുത്തന്‍ താളുകള്‍ രചിച്ച ഗായകന്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ മലയാളികള്‍ക്ക് അന്യമായിരുന്ന മ്യൂസിക് ബാന്‍ഡുകളെ മാറ്റത്തിന്റെ പാതയിലൂടെ കൈ പിടിച്ചുയര്‍ത്തി സംഗീതത്തിന്റെ മുന്‍ നിരയില്‍ എത്തിച്ചവരില്‍ പ്രമുഖനാണ് ഈ യുവപ്രതിഭ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ