ഇന്ത്യന്‍ സിനിമയുടെ നാള്വഴികളെടുത്താല് അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായിക എന്നീ നിലകളിലെല്ലാം രേഖപ്പെടുത്തപ്പെടുന്ന പേരാണ് അപര്ണാസെന്നിന്റെത്. ഇപ്പോള്‍ എഴുപത്തിനാലാം വയസ്സിലെത്തി നില്ക്കുന്ന അപര്‍ണാ സെന്‍ സൗന്ദര്യം കൊണ്ടും കലാപ്രകടനത്തിലെ മാസ്മരികത കൊണ്ടും അറുപതുകളിലേയും എഴുപതുകളിലേയും ബംഗാളി സിനിമാപ്രേക്ഷകര്‍ക്കും ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരുന്നു. സത്യജിത് റേ പോലുള്ള വിഖ്യാത സംവിധായകരുടെ ഇഷ്ടനായികയായി ഒട്ടേറെ പടങ്ങളില്‍ നടിക്കാനും അവര്‍ക്കും സാധിച്ചിരുന്നു.
അഭിനേത്രി എന്ന നിലയില്‍ തിരക്കുകള്‍ കുറഞ്ഞപ്പോഴാണ് അവര്‍ മറ്റ് ജനപ്രിയനടിമാര്ക്ക് അപവാദമായി സംവിധാനരംഗത്തേക്കെത്തുന്നത്. ഇന്ത്യന്‍ തിരശ്ശീലയിലെ അനവധി ഭാഷാനടികള് അക്കാലങ്ങളില്‍ വനിതകള്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന സംവിധാനപ്പട്ടമെടുത്ത് അണിയുകയുണ്ടായി. ഇങ്ങ് മലയാളത്തില്‍ വരെ അത് സംഭവിച്ചിരുന്നു. എങ്കിലും പുരുഷന്മാര് അടക്കി വാണിരുന്ന സംവിധായക വേഷത്തില്‍ തിളങ്ങാനും നിലനില്ക്കാനും സാധിച്ചവര്‍ അക്കൂട്ടത്തില്‍ വിരളമാണ്. അന്നൊക്കെ സിനിമയോടൊപ്പം സഞ്ചരിക്കുന്ന (അത് മിക്കവാറും അഭിനയത്തിലാവും. അഭിനയമൊഴികെയുള്ള സിനിമാത്തൊഴില് മേഖലകളില്‍ സ്ത്രീകള്‍ക്ക് എത്തിപ്പെടാന്‍ അന്ന് ബുദ്ധിമുട്ടേറെയായിരുന്നു താനും.) സ്ത്രീകള്‍ക്ക് മാത്രമേ സംവിധാനത്തെപ്പറ്റി ആലോചിക്കാനും ആണ്‍കോയ്മയോട് അടരാടി രംഗത്ത് നില്‍ക്കാനും സാധിക്കുമായിരുന്നുള്ളു. അതില്‍ വിജയം നിലനിര്‍ത്തിയ അപൂര്വ്വമാളുകളിലൊരാള് തീര്‍ച്ചയായും അപര്‍ണാ സെന്നാണ്. അതു സാധിച്ചതാവട്ടെ അഭിനയത്തിലുപരിയായി അവര്‍ക്കുണ്ടായിരുന്ന സാമൂഹികവും കലാപരവുമായ പ്രതിബദ്ധത കൊണ്ടായിരുന്നു താനും.
ഒന്‍പത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അത്ര തന്നെ അന്തര്‍ദ്ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അപര്‍ണാ സെന്നിന് ലഭിച്ചിട്ടുണ്ട്. സംവിധായിക എന്ന നിലയിലുള്‍പ്പെടെ. ബംഗാള്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് അഞ്ചു തവണയും രണ്ടു വട്ടം മികച്ച സഹനടിക്കുള്ള പുരസ്കാരവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1937 ല്‍ ആരംഭിച്ച വിഖ്യാത സംഘടനയായ ബംഗാള്‍ ഫിലിം ജേര്ണിസ്റ്റ്സ് അസോസിയേഷന് (BFJA) പുരസ്കാരവും അപര്‍ണാ സെന്നിന് കിട്ടിയിട്ടുണ്ട്.

Photo. Aparna Sen/Facebook
1961 ല്‍ പുറത്തുവന്ന ‘തീന്കൊന്യ’ (മൂന്നു പെണ്‍കുട്ടികള്‍) യായിരുന്നു നടിയെന്ന നിലയില്‍ അപര്‍ണാ സെന്നിനെ ബംഗാളി സിനിമയില്‍ അടയാളപ്പെടുത്തിയ ആദ്യസിനിമ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ മൂന്ന് കഥകളെ അടിസ്ഥാനപ്പെടുത്തി സത്യജിത് റേ ഒരുക്കിയ ‘തീന്കൊന്യ’ എല്ലാ നിലയിലും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. പോസ്റ്റ്മാസ്റ്റര്‍, മൊണിഹാര, സൊമാപ്തി എന്നീ മൂന്ന് കഥകളായിരുന്നു ‘തീന്കൊന്യ’യുടെ ഉള്ളടക്കം. ‘തീന്കൊന്യ’യുടെ അന്താരാഷ്ട്ര വിതരണത്തില്‍ പക്ഷേ അതിലെ രണ്ടു കഥകളെ ഉള്‍പ്പെടുത്തിയിരുന്നുള്ളു. അതിലെ ‘മൊണിഹാര’യാണ് അന്താരാഷ്ട്രതലത്തില്‍ വിതരണത്തിനെത്തിയപ്പോള്‍ ഒഴിവാക്കപ്പെട്ടത്. വളരെക്കാലം കഴിഞ്ഞ് 1997 ല്‍ ‘രണ്ടു പെണ്മക്കള്’ എന്ന പേരില്‍ ‘മൊണിഹാര’ എന്ന ഭാഗത്തിന്റെ വി. എച്ച്. എസ് കോപ്പി പുറത്തിറങ്ങി. ഇപ്പോള്‍ മൂന്ന് കഥകളും ചേര്‍ന്ന ‘തീന്കൊന്യ’യുടെ ഡി. വി. ഡി ലഭ്യമാണ്. മൂന്നുകഥകളിലും വ്യത്യസ്തരായ അഭിനേതാക്കളായിരുന്നു വേഷമിട്ടത്. അതിലെ ‘സൊമാപ്തി’യിലാണ് മൃണ്മയി എന്ന വേഷത്തില്‍ അപര്‍ണാ സെന്‍ പ്രത്യക്ഷപ്പെട്ടത്.
അറുപതുകളിലും എഴുപതുകളിലും സത്യജിത് റേ ഉള്‍പ്പെടെ ഒട്ടേറെ സംവിധായകരുടെ എണ്ണം പറഞ്ഞ സിനിമകളില്‍ അപര്‍ണാ സെന്‍ അഭിനയിച്ചു. ‘അപരാജിതോ’ (1969), ‘ആരണ്യേര്‍ ദിന് രാത്രി,’ ‘ജിബോന് സൈകത്തെ’ (1970), ‘എഖനേ പിഞ്ചാര്‍,’ ‘ജയ് ജയന്തി,’ ‘ഏഖോനി’ (1971), ‘മേം സാഹബ്’ (1972), ‘ബസന്തോ വിലാപ്,’ ‘സൊനാര്‍ കാഞ്ച’ (1973), ‘സുജാത’ (1974), ‘ജന ആരണ്യ’ (1976), ‘ഉനിഷേ ഏപ്രില്‍’ (1994) മുതല്‍ 2014 ല്‍ അഭിനയിച്ച ‘ചതുഷ്കോണ്‍’ വരെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന ഒട്ടേറെ സിനിമകള്‍ എടുത്തു പറയാം. ഇതില്‍ ‘അപരാജിതോ’യും ‘ആരണ്യേര്‍ ദിന് രാത്രി’യും ‘സുജാത’യും ‘ജന ആരണ്യ’യും ‘ചതുഷ്കോണു’മെല്ലാം മലയാളി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട അപര്‍ണാ സെന്‍ സിനിമകളില്‍ ചിലതാണ്.
1981 ല്‍ ’36 ചൗരംഗി ലൈന്‍’ തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടാണ് അപര്‍ണാ സെന്‍ തന്റെ അടുത്ത മേഖലയിലേക്ക് കാലൂന്നിയത്. ജെന്നിഫര്‍ കെന്റലും ധൃതിമാന്‍ ചാറ്റര്‍ജിയും ദേബശ്രീ റോയും മുഖ്യവേഷത്തിലഭിനയിച്ച ’36 ചൗരംഗി ലൈന്‍’ നിര്‍മ്മിച്ചത് ശശി കപൂറായിരുന്നു. അശോക് മേത്ത ഛായാഗ്രഹണവും. തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പടം സംവിധാനം ചെയ്യാനായി അപര്‍ണാ സെന്‍ കണ്ടു പിടിച്ചത് ഗോവിന്ദ് നിഹലാനിയെയായിരുന്നുവത്രേ. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം ഒരു വര്‍ഷം വരെ അപര്‍ണാ സെന്‍ കാത്തിരുന്നുവെന്നും കേള്‍ക്കുന്നു. എന്തായാലും ശശി കപൂറിന്റെ നിര്‍ബന്ധത്തില്‍ ഒടുവില്‍ അപര്‍ണാ സെന്‍ തന്നെ തന്റെ തിരക്കഥ സംവിധാനം ചെയ്യാമെന്നേറ്റു. ഫിലിപ്പീന്‍സില്‍ നടന്ന മനില അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ഈഗിള്‍ പുരസ്കാരവും മികച്ച സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരവും ’36 ചൗരംഗി ലൈനിന്’ ലഭിച്ച പ്രധാന ബഹുമതികളില്‍ ഉള്‍പ്പെടുന്നു.
തുടര്‍ന്ന് ‘പരോമ,’ ‘സതി,’ ‘യുഗാന്ത്,’ ‘പരോമിതാര്‍ ഏക് ദിന്,’ ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അയ്യര്‍,’ ’15 പാര്‍ക്ക് അവന്യു,’ ‘ജാപ്പനീസ് വൈഫ്,’ ‘ഇതി മൃണാളിനി,’ ‘ഗൊയ്നോര് ബാക്ഷോ’ തുടങ്ങി ഈ വര്‍ഷം സംവിധാനം ചെയ്ത ‘ഘോരേ ബായ്രേ ആജ്’ വരെ സംവിധാനം ചെയ്ത പടങ്ങളുടെ പട്ടിക നീളുന്നു.

‘ഇതി മൃണാളിനി’യില്‍ കൊങ്കണ സെന്‍ ശര്‍മ
ഇന്നും ബംഗാളിലെ ഇതര കലാപ്രവര്ത്തകര്ക്കെന്ന പോലെ ചലച്ചിത്ര സംവിധായര്കര്ക്കും പ്രിയപ്പെട്ട ഖനിയാണ് രബീന്ദ്രനാഥ ടാഗോര്‍ (1861 – 1941). ടാഗോറില്‍ നിന്നും നേരിട്ടോ പ്രചോദനമുള്ക്കൊണ്ടോ അല്ലാതെ ഇപ്പോഴും ബംഗാളില്‍ നാടകവും സിനിമയും നൃത്തവും സംഗീതവും സംഭവിക്കുന്നില്ല എന്നത് വിസ്മയകരമാണ്. ഒരു കഷണം ടാഗോര്‍ ഇല്ലാതെ കലാപ്രവര്‍ത്തനം പൂര്‍ണമാവുന്നില്ല എന്ന പോലെ. അല്ലെങ്കില്‍ തങ്ങളുടെ മികവ് പൂര്‍ത്തിയാകുന്നത് ടാഗോറിനെ കരസ്ഥമാക്കുമ്പോഴാണ് എന്നതു പോലെ ഇപ്പോഴും ടാഗോര്‍ പുതിയ രൂപഭാവങ്ങളില്‍ കടന്നു വന്നു കൊണ്ടിരിക്കുന്നു.
പൊതുവേ സാഹിത്യകൃതികളോടുള്ള ആഭിമുഖ്യം ബംഗാളി ചലച്ചിത്രകാരന്മാര്ക്കിടയില് കൂടുതലാണ്. അടുത്ത കാലം വരെയും സിനിമയ്ക്ക് പോകുന്നു എന്നല്ല ‘സാഹിത്യം’ കാണാന്‍ പോകുന്നു എന്നാണ് ബംഗാളി വാമൊഴിയില്‍ (‘അമി ബോയി ദേഖ്തെ ജാച്ഛി.’ ബോയി എന്നാല്‍ പുസ്തകം.) ആളുകള്‍ സിനിമാനുഭവത്തെ വിവരിച്ചു കൊണ്ടിരുന്നത്. അതായത് സിനിമയെന്നാല്‍ എഴുതി വച്ച സാഹിത്യ രൂപത്തിന്റെ ചലച്ചിത്രാഖ്യാനം എന്നല്ലാതെ മറ്റൊന്ന് സങ്കല്പ്പിക്കാന് അടുത്ത കാലം വരെ ബംഗാളികള്‍ക്ക് ഇഷ്ടമായിരുന്നില്ല എന്നര്‍ത്ഥം. ഇത് വിവരിക്കാന്‍ പോയാല്‍ ഈ ലേഖനം മതിയാവുകയില്ല.
നിഖിലേഷ്, സന്ദീപ്, വിമല, ബൊഡോ റാണി, അമൂല്യ എന്നീ കഥാപാത്രങ്ങള്‍ കേന്ദ്രസ്ഥാനത്തു വരുന്ന ‘ഘൊരേ ബായ്രേ’ (ദ ഹോം ആന്‍ഡ് ദ വേള്‍ഡ്. നോവലിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ, സുരേന്ദ്രനാഥ ടാഗോര്‍) എന്ന നോവല്‍ ടാഗോര്‍ എഴുതി പുസ്തകമാകുന്നത് 1916 ലാണ്. കൈയെഴുത്തുപ്രതി അതിനും മുന്നേ തയ്യാറാക്കിക്കാണണം. ടാഗോറിന്റെ തന്നെ ഉള്ളിലുണ്ടായിരുന്ന ഭാരതീയതയെ സംബന്ധിച്ചും പടിഞ്ഞാറന്‍ സംസ്കാരത്തെ സംബന്ധിച്ചുമുണ്ടായിരുന്ന ആന്തരിക സംഘര്‍ഷങ്ങളാണ് നോവലിന്റെ പ്രമേയം. വൈദേശികാധിപത്യത്തിന് കീഴില്‍ ഞെരിപിരി കൊള്ളുന്ന ഇന്ത്യന്‍ ദേശീയതയുടെ നിലനില്‍പ്പും അതിജീവനവും സ്വാതന്ത്ര്യവും ടാഗോറിന്റെ അനവധി കൃതികളില്‍ കാണാമല്ലോ. അതിനെ കുടുംബബന്ധങ്ങളുടേയും വ്യക്തിഗത സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വിവരിക്കുകയാണ് ടാഗോര്‍ ചെയ്യുന്നത്. ‘ഘോരേ ബായ്രേ’യും വ്യത്യസ്തമല്ല.
ദേശീയതാവാദത്തിലും പാരമ്പര്യചിന്തകളിലും മുഴുകി ജീവിക്കുന്ന നിഖിലേഷും എതിര്‍പക്ഷത്തു നിന്നും പടിഞ്ഞാറന്‍ ദേശീയതയെ സ്വാംശീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സന്ദീപും ചര്‍ച്ച ചെയ്യുന്നത് ടാഗോര്‍ അക്കാലത്ത് മുന്നില്‍ക്കണ്ട സംഘര്‍ഷം തന്നെയാണ്. ഇവര്‍ക്കിടയിലെ വിമല എന്ന കഥാനായികയാവട്ടെ സാമ്പ്രദായിക വ്യവസ്ഥിതികളില്‍ സ്വയം സമര്‍പ്പിച്ച കുടുംബിനിയും. നിഖിലേഷിന്റെ ഭാര്യപദവിയില് സന്തോഷത്തോടെ ജീവിതം നയിക്കുന്ന വിമല അക്കാലത്തെ ജമീന്ദാര് കുടുംബങ്ങളിലെ വാര്പ്പുമാതൃകയായിരുന്നുവെന്നും പറയാം. നിഖിലേഷിന്റെ സുഹൃത്തായ സന്ദീപ് അവരുടെ ഗൃഹത്തിലെത്തുന്നതോടെ രണ്ടു തരത്തിലുള്ള സംഘര്‍ഷങ്ങള്‍ അവിടെ ഉടലെടുക്കുന്നു. ഒന്ന് വ്യത്യസ്ത നിലപാടുകളില്‍ നിന്നു കൊണ്ടുണ്ടാകുന്ന നിഖിലേഷിന്റെയും സന്ദീപിന്റെയും ആശയഗതികളുടെ സംഘര്‍ഷം. മറ്റൊന്ന് സുമുഖനും വാഗ്മിയും വ്യവസ്ഥിതികളെ താനാഗ്രഹിക്കും വിധം വരുതിയിലെത്തിക്കണമെന്ന് അഭിലഷിക്കുന്ന സന്ദീപിനോട് വിമലയ്ക്ക് തോന്നുന്ന സദാചാരവിരുദ്ധമായ അനുരാഗം. ഈ മൂവരിലൂടെ വളരുന്ന ഛിദ്രങ്ങളിലൂടെയാണ് നോവല്‍ പടരുന്നത്.
ലോക സിനിമയില്‍ സത്യജിത് റേ (1921 – 1992) യുടെ ഉദയം ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ മധ്യത്തില്‍ ബംഗാളി സിനിമയായ ‘പാഥേര്‍ പാഞ്ചലി’ (1955) യിലൂടെയാണെങ്കിലും (1929 ല്‍ ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ അതേ പേരില്‍ എഴുതിയ നോവല്‍) അതിനും പതിറ്റാണ്ട് മുമ്പ്, നാല്‍പ്പതുകളില്‍ സത്യജിത് റേ തനിക്ക് സിനിമയാക്കാനായി തിരക്കഥ തയ്യാറാക്കിവച്ചിരുന്ന നോവലായിരുന്നു ടാഗോറിന്റെ ‘ഘോരേ ബായ്രേ.’ എന്നാല്‍ നിര്‍മ്മാണം നീണ്ടു പോയ ആ തിരക്കഥയ്ക്കു മുന്നേ സത്യജിത് റേയ്ക്ക് ‘പാഥേര്‍ പാഞ്ചലി’ സൃഷ്ടിക്കാനായി. അത് ഇന്ത്യന്‍ സിനിമയെത്തന്നെ ഭാവുകത്വ രൂപീകരണത്തില്‍ വിഭജിക്കുകയും ചെയ്തു. പിന്നീട് 1984 ല്‍ സത്യജിത് റേ ‘ഘോരേ ബായ്രേ’ എന്ന തിരക്കഥ അതേ പേരില്‍ സിനിമയാക്കി. എന്‍. എഫ്. ഡി. സി നിര്‍മ്മിച്ച ഈ സിനിമയില്‍ റേ സിനികളിലൂടെ വിഖ്യാതനായ നടന് സൗമിത്ര ചാറ്റര്‍ജി, വിക്ടര്‍ ബാനര്‍ജി, സ്വാതിലേഖ സെന്‍ ഗുപ്ത എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. ’84 ല്‍ കാനിലായിരുന്നു സിനിമയുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനം. ഗോള്‍ഡന്‍ പാം അവാര്‍ഡിന് ശുപാര്‍ശ നേടിയ റേ സിനിമ ഏറ്റവും മികച്ച ബംഗാളി സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു.
ടാഗോറിന്റെ നോവലില്‍ നിന്നും സന്ദര്‍ഭോചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് റേ സിനിമയുണ്ടാക്കിയത്. അമൂല്യയും ബൊഡോ റാണിയും സിനിമയില്‍ അപ്രസക്തരാവുകയും നിഖിലും സന്ദീപും വിമലയും കൂടുതല്‍ ശക്തരായി സിനിമയില്‍ എത്തുകയും ചെയ്തു.
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം 2019 ല്‍ ടാഗോറിന്റെ നോവല്‍ ‘ഘോരേ ബായ്രേ ആജ്’ എന്ന പേരില്‍ വീണ്ടും തിരശ്ശീലയിലെത്തി. ഇക്കുറി നോവലില്‍ കൈവച്ചത് റേയുടെ തന്നെ ഇഷ്ടനായികമാരില്‍ ഒരാളായിരുന്ന അപര്‍ണാ സെന്നാണ്. പുതിയ കാലത്ത് പുതിയ രൂപത്തിലെത്തുന്ന ഈ കഥയും സിനിമയും പ്രേക്ഷകരില്‍ ആകാംക്ഷയുണര്ത്തുകയും ചെയ്തു. ദല്‍ഹിയില്‍ നടന്ന ജാഗരണ്‍ ചലച്ചിത്രോത്സവത്തിലാണ് ഈ വര്‍ഷം ‘ഘോരേ ബായ്രേ ആജ്’ ആദ്യമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഇപ്പോള്‍ നടക്കുന്ന ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവതിലും ചിത്രം പ്രദര്‍ശിപ്പിച്ചു. നിരൂപകരും നല്ല പ്രേക്ഷകരും ഒരു പോലെ കൈവിട്ട ദുര്‍ബല സിനിമയായി അത് മാറിയെന്നതാണ് വിധി.
നോവലിനെ സിനിമയാക്കിയപ്പോള്‍ ദുര്‍ബലപ്പെടുത്തിയത് നൂറ്റാണ്ടു കഴിഞ്ഞ് അതിനെ കാലോചിതമാക്കിയതിലെ പിഴവുകളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട നോവലില്‍ നിന്നും ഇന്നത്തെ ഇന്ത്യ ഒട്ടേറെ മാറി എന്നത് നിസ്തര്‍ക്കമാണ്. ടാഗോര്‍ ചര്‍ച്ച ചെയ്ത ഉത്കണ്ഠകള്‍ ഏറെക്കുറെ ശമിച്ചു കഴിഞ്ഞിരിക്കുന്നു. ദേശീയതയ്ക്ക് പുതിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും വന്നു. ആധുനികതയുടേയും പടിഞ്ഞാറിന്റെയും സ്വാധീനങ്ങള്‍ ആശങ്കയ്ക്കിടയില്ലാത്തവിധം ഇന്ത്യന്‍ ജനത സ്വീകരിച്ചും കഴിഞ്ഞു. അവശേഷിക്കുന്നത് വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന കലഹങ്ങളും ഇടര്‍ച്ചകളുമാണ്.
അതെല്ലാക്കാലത്തേയും പ്രേക്ഷകന്റെ ഇഷ്ടപ്രമേയമാണെന്നത് ശരി. പക്ഷേ അതിനേയും പുതിയ കാലത്തെ രാഷ്ട്രീയ പ്രതിസന്ധികളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തു കെട്ടിയപ്പോള്‍ ദരിദ്രമായിപ്പോയി. എന്നു മാത്രമല്ല കലാംശം സാരമായ വിധത്തില്‍ ചോര്‍ന്നു പോവുകയും ചെയ്തു. പ്രേക്ഷകന് ഒട്ടൊക്കെ ഊഹിക്കാന്‍ കഴിയുന്ന വിധത്തില്‍ കഥാഗതി ശുഷ്കിച്ചതിനുകാരണം തിരക്കഥാകൃത്ത് കൂടിയായ സംവിധായകയുടെ പരാജയമാണ്.
മുടിഞ്ഞ തിരക്കഥയില്‍ നിന്നും മികച്ച സിനിമയുണ്ടാക്കാന്‍ കേള്‍വികേട്ട സംവിധായര്‍ക്കു പോലും സാധിക്കുകയില്ലെന്നത് ചലച്ചിത്രവിദ്യാര്ത്ഥികള്ക്കുപോലും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ചും ബംഗാളിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥയായ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നു കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയഗതികളെ വിശകലനം ചെയ്യുമ്പോള്‍ മുമ്പില്ലാതിരുന്നവിധമുള്ള ഉള്‍ക്കാഴ്ചയും രാഷ്ട്രീയനിരീക്ഷണപടുത്വവും വേണ്ടുവോളം വേണം താനും. ഇതു രണ്ടും കൊണ്ടുവരാന്‍ അപര്‍ണാ സെന്നിനായിട്ടില്ല. മൃണാള്‍ സെന്‍ സിനിമകളുടെ സമ്പന്നമായ ഭൂതകാലം ബംഗാള്‍ സിനിമകള്ക്കുണ്ടെന്ന കാര്യം നാം വിസ്മരിച്ചു കൂടാ.
പുതിയ കഥയിലേക്ക് അപര്‍ണാ സെന്‍ കൊണ്ടു വന്നിട്ടുള്ള ഇടത് ബംഗാള്‍ രാഷ്ട്രീയത്തിന്റെ നനഞ്ഞ ഗൃഹാതുരത്വവും ബംഗാളിന്റെ രാഷ്ട്രീയത്തില്‍ കാര്യമായ സാന്നിദ്ധ്യമായ മാവോയിസ്റ്റുകളും ഉപരിപ്ലവമായി ചര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ കാവി രാഷ്ട്രീയത്തിന്റെ ഫലശൂന്യതയും ഗൗരി ലങ്കേഷിന്റെ ഛായയില്‍ വാര്‍ത്തെടുത്ത നിഖിലിന്റെ പുതിയ മുഖച്ഛായയും ബൃന്ദ എന്നു പേരു മാറിയ വിമലയ്ക്ക് നല്കിയ ആദിവാസി ജീവിത പശ്ചാത്തലവും മഹാശ്വേതാദേവിയുടെ ഇടപെടലുകളെ ഓര്‍മ്മിപ്പിക്കുന്ന ശ്വേതാ ദേവിയെന്ന കഥാപാത്രത്തിന്റെ സൃഷ്ടിയും ചൂടുള്ള പഴം വിഴുങ്ങിയതു പോലെ പലതും പുലമ്പുന്ന കാവി-രാഷ്ട്രീയപ്രേരിതനായ സന്ദീപിന്റെ കഥാപാത്രവും ഇതിനിടയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നിലെ വര്‍ഗ്ഗീയ-രാഷ്ട്രീയ നിറവും കഥാപാത്രങ്ങളുടെ ചെകിട് തകര്‍ക്കുന്ന ഉദ്ധരണികള്‍ പോലുള്ള മുന വച്ചുള്ള സംഭാഷണങ്ങളും സിനിമയെ അവിയലാക്കിയിട്ടുണ്ട്.
പെട്ടെന്നൊരു നിമിഷത്തില്‍ സന്ദീപിന് മുന്നില്‍ വച്ചു നീട്ടുന്ന എം. പി ടിക്കറ്റു മുതല്‍ ആദിവാസി ദരിദ്രജനതയുടെ ജീവിതം പഠിക്കാനായി കാമറയുമെടുത്ത് ശ്വേതാ ദേവിയുടെ പിന്നാലെ അലയുന്ന നിഖിലും അയാളുടെ പത്രമോഫീസിലെ ചര്‍ച്ചകളും ജയ് ശ്രീരാം വിളിക്കാത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടം തച്ചു കൊന്ന മുസ്ലീം പയ്യനു വേണ്ടിയുള്ള അമൂല്യയുടെ (പുതിയ കഥയില്‍ പുതിയ അവതാരമായി എത്തിയിട്ടുള്ള ടാഗോറിന്റെ നോവലിലെ പഴയ അമൂല്യ) മനംമാറ്റവും തുടര്‍ന്ന് നിഖിലിന്റെ നേതൃത്വത്തില്‍ ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന മെഴുകുതിരി പ്രകടനവും സന്ദീപിന്റെ രാഷ്ട്രീയ നേതൃത്വത്തെ കാണിക്കുമ്പോഴുള്ള കൃത്രിമത്വവും പുതിയ കഥയെ ആവുന്നതു പോലെ തകര്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്. സന്ദീപുമായി ബൃന്ദയ്ക്ക് ആരാധനയും പിന്നീട് ശാരീരികബന്ധവും സാധ്യമാക്കുന്നതിനാണോ സമകാലിക ഇന്ത്യന്‍ വിഷയങ്ങള്‍ അങ്ങിങ്ങ് എടുത്തിട്ട് നിഖിലിനെ ശ്വേതാദേവിക്ക് ഒപ്പം ദൂരഗ്രാമങ്ങളിലേക്ക് വിട്ടതെന്നു പ്രേക്ഷകനു തോന്നിപ്പോകും വിധം ദുര്‍ബലമാണ് കഥാഗതിയും തിരക്കഥയും.
പടം തുടങ്ങുമ്പോള്‍ കാണിക്കുന്ന ബൃന്ദ അനാഥയാക്കപ്പെടുന്ന കല്‍ക്കരി ഖനിദുരന്തം മുതല്‍ പടത്തിലിടക്കിടെ കറുപ്പും വെളുപ്പം നിറത്തിലേക്ക് മാറ്റിക്കാണിക്കുന്ന ഫ്ളാഷ് ബാക്കുകള്‍ വരെ നമ്മെ മടുപ്പിക്കും. കൈയില്‍ വേണ്ടത്ര ഫലമുള്ള മരുന്നില്ലാതെ വരുമ്പോള്‍ എടുത്തു പെരുമാറുന്ന ചെപ്പടിവിദ്യകള്‍ പോലെയേ കൃതഹസ്തയും സാമ്പത്തികബലമുള്ള നിര്‍മ്മാതാവിന്റെ പിന്തുണയുമുള്ള അപര്‍ണാ സെന്‍ നടത്തുന്ന ശ്രമങ്ങളെ വിവരിക്കാനാവൂ. ഇടതുരാഷ്ട്രീയ ഗൃഹാതുരത്വത്തിനു വരെ ഇടം കൊടുക്കുന്ന സിനിമയില്‍ സംസ്ഥാനഭരണത്തിലെ നെറികേടുകളെ പരാമര്‍ശിക്കാന്‍ പോലും മിനക്കെടുന്നില്ലെന്നത് നിലനില്‍പ്പിന്റെ ഒത്തുതീര്‍പ്പായി വിചാരിച്ചാല്‍ തെറ്റു പറയാനാവില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന സംസ്ഥാനഭരണത്തെ മുന്‍പിന്‍ നോക്കാതെ താലോലിക്കുന്ന അപര്‍ണാ സെന്നിന്റെ മാറിയ കാഴ്ചപ്പാടുകളെ സംശയത്തോടെയേ കാണാന്‍ പറ്റൂ. എന്നിട്ടും പൊളിറ്റിക്കല്‍ ഡ്രാമയെന്നു വിശേഷിപ്പിക്കുന്ന ‘ഘോരേ ബായ്രേ ആജ്’ പിടിച്ചു നില്‍ക്കുന്നത് നിഖിലായി വേഷമിട്ട അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ബൃന്ദയായി വേഷമിട്ട തുഹീന ദാസിന്റെയും സംഗീതം നിര്‍വ്വഹിച്ച നീല്‍ ദത്തിന്റെയും പ്രകടനം ഒന്നു കൊണ്ടു മാത്രമാണ്. ഛായാഗ്രഹണം എടുത്തു പറയേണ്ടതായി ഒരിടത്തും തോന്നാത്തത് സൗമിക് ഹല്‍ദാറിന്റെ തകരാറാവാനിടയില്ല സംവിധായകയുടെ അലസതയായി വേണം അനുമാനിക്കാന്‍. ദുര്‍ബലമെങ്കിലും തിരക്കഥയെ ചടുലമാക്കുന്ന ഷോട്ടുകളോ മനസംഘര്‍ഷങ്ങളെ തെളിച്ചുകാട്ടുന്ന രംഗങ്ങളോ പടത്തിലില്ല.
സന്ദീപായി ചേരാത്ത കുപ്പായമിട്ട ജിഷു സെന്‍ഗുപ്തയുടെ മോശം പ്രകടനം പോലെ എടുത്തു പറയേണ്ടതാണ് ഓക്സ്ഫോര്‍ഡ് പഠനപശ്ചാത്തലം നല്കി അവതരിപ്പിച്ചിട്ടുള്ള നിഖില്‍ ബുദ്ധിമുട്ടി ഉരുവിടുന്ന ഓക്സഫോര്‍ഡ് ഉച്ചാരണവും. ഇതൊന്നുമില്ലായിരുന്നെങ്കിലും ഭര്‍ത്താവിനും ആരാധ്യനായ കാമുകനും ഇടയില്‍ അകപ്പെട്ടു പോകുന്ന സാധാരണ വീട്ടമ്മയുടെ ഉള്ളുരുക്കങ്ങളിലൂടെ മികച്ച സിനിമ നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു. അതിനുപകരം കാമുകന്റേതോ ഭര്‍ത്താവിന്റേതോ എന്ന് നിശ്ചയമില്ലാത്ത ഗര്‍ഭവുമായി വിഷമിക്കുന്ന ബൃന്ദയും ആരുടേതായാലും അത് തന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ബൃന്ദയെ സമാധാനിപ്പിക്കുന്ന ഭര്‍ത്താവും അത്രയും നല്ല ഭര്‍ത്താവിനെ കൊലയ്ക്ക് വിട്ടു കൊടുക്കുന്ന സന്ദീപും അങ്ങനെയുള്ള കാമുകന്റെ സ്വാര്‍ത്ഥതയും ദുഷ്ടബുദ്ധിയും തിരിച്ചറിഞ്ഞ് അയാളെ നാടകീയമായി വെടി വച്ചു കൊല്ലുന്ന ബൃന്ദയും കൂടി പുതിയ കഥയെ ടാഗോറില്‍ നിന്നും പരമാവധി അകറ്റിക്കളഞ്ഞിട്ടുണ്ട്. ടാഗോര്‍ തീരെ ക്ഷമിക്കാത്ത വിധം.
രബീന്ദ്രനാഥ ടാഗോറിന്റെ നോവല്‍ വന്ന കാലത്തു തന്നെ ഒരു വിമര്‍ശനമുയര്‍ന്നതായി പറയപ്പെടുന്നുണ്ട്. അത് സന്ദീപ് എന്ന കഥാപാത്രത്തിന് ടാഗോര്‍ നല്‍കിയത് മഹാത്മാഗാന്ധിയുടെ ഛായയാണെന്നതാണ്. പക്ഷേ ടാഗോര്‍ അനുയായികളും സൂക്ഷ്മദൃക്കുകളായ കലാവിമര്‍ശകരും ആ വാദത്തെ മുളയിലെ നുള്ളിമാറ്റി. 1916 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലോ ദേശീയതയിലോ ഗാന്ധി പ്രകടമായ മുഖമായിരുന്നില്ലെന്ന വാദമാണ് അവര്‍ നിരത്തിയത്. നോവല്‍ വായിക്കുമ്പോഴും സന്ദീപില്‍ ഗാന്ധിയെ കണ്ടെത്താന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.
അതേ സമയം നോവലിലെ മുഖ്യകഥാപാത്രങ്ങളെ മാത്രം സ്വീകരിച്ച് പുതിയ കാലത്തിന്റെ രാഷ്ട്രീയ വിമര്‍ശനമെന്ന മട്ടില്‍ അപര്‍ണാ സെന്‍ അവതരിപ്പിക്കുന്നതാകട്ടെ അന്നത്തെ വിവാദത്തേക്കാള്‍ കാമ്പുള്ള തകര്‍ച്ചയാണ്. അഭിനേത്രി, തിരക്കഥാകൃത്ത്, സംവിധായിക എന്ന നിലയിലെല്ലാം പാടിപ്പുകഴ്ത്താവുന്ന മികവ് തെളിയിച്ചിട്ടുള്ള അപര്‍ണാ സെന്നിന്റെ ചിന്തകളും കാഴ്ചപ്പാടുകളും ഇടറുകയും ദുര്‍ബലപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ് പുതിയ സിനിമയായ ‘ഘോരേ ബായ്രേ ആജ്’ തെളിയിക്കുന്നത്. വേണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്നത്ര അത് മോശമായിട്ടുണ്ടു താനും.
സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook