കൊച്ചി: സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്ഷന്. വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്ഷന് ഉത്തരവ് പുറത്തുവന്നത്. ബുധനാഴ്ചയാണ് കോളേജ് യൂണിയന് ഉദ്ഘാടനത്തിനായി എത്തിയ അപര്‍ണ മുരളിയോട് കോളേജിലെ വിദ്യാര്‍ത്ഥി വേദിയില്‍ വച്ച് മോശമായി പെരുമാറിയത്.
സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ടു നടി അപര്‍ണ ബാലമുരളി നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിന്റെ പ്രമോഷനു വേണ്ടി എറണാകുളം ലോ കോളേജില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കോളേജില്‍ എത്തിയ താരത്തിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെത്തിയ വിദ്യാര്‍ത്ഥി അവരുടെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുന്നതും അപര്‍ണ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതും സോഷ്യല്‍ മീഡിയ വഴി പുറത്തു വന്ന വീഡിയോയില്‍ കാണാമായിരുന്നു.
അപർണയ്ക്കൊപ്പം വേദിയിൽ നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുണ്ടായിരുന്നു. ജനുവരി 30 നാണ് ‘തങ്കം’ തിയേറ്ററിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവാണ് അപർണ.