കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന ‘അള്ള് രാമേന്ദ്രന്‍’ എന്ന ചിത്രത്തില്‍ നായികമാരായെത്തുന്നത് അപര്‍ണ ബാലമുരളിയും ചാന്ദിനി ശ്രീധരനും. ദുല്‍ഖര്‍ നായകനായ സിഐഎ എന്ന ചിത്രത്തിനു ശേഷം ചാന്ദിനി അഭിനയിക്കുന്ന മലയാള ചിത്രമാണ് അള്ള് രാമേന്ദ്രന്‍.

ആഷിഖ് ഉസ്‌മാന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം കൃഷ്‌ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മനാണ്.

ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലി നായകനായ കാമുകി എന്ന ചിത്രമാണ് അപര്‍ണ ബാലമുരളിയുടേതായി അവസാനം തിയേറ്ററുകളില്‍ എത്തിയ സിനിമ. അതിനു മുമ്പ് ആസിഫ് അലി നായകനായ ബിടെക് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് നല്ല തിയേറ്റര്‍ പ്രതികരണമാണ് ലഭിച്ചത്.

ചെലവ് കുറഞ്ഞ സിനിമ ഒരുക്കിയാണ് ബിലഹരി ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. പോരാട്ടം എന്ന 25000 രൂപയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലറും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പോരാട്ടം ഇതുവരേയും പുറത്തിറങ്ങിയിട്ടില്ല.

ചിത്രത്തിന്റെ സെന്‍സറിങ്ങിന്റെ അവസാനഘട്ട നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ ചിത്രം പുറത്ത് വരുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്തു സംഭവിച്ചാലും പോരാട്ടം പുറത്തിറങ്ങുമെന്ന് കഴിഞ്ഞ ദിവസം ബിലഹരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉറപ്പു നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ