മലയാള സിനിമയിലെ സംവിധായകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്നൊരു സാന്നിധ്യമാണ് അൻവർ റഷീദ്. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ ശ്രദ്ധേയനായ അൻവർ റഷീദിന്റെ ഓരോ ചിത്രങ്ങളും മലയാളികൾക്ക് പ്രതീക്ഷകൾ നൽകുന്നവയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ‘ട്രാൻസ്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അൻവർ ഇപ്പോൾ. ‘ട്രാൻസി’ന്റെ തിരക്കുകളിൽ മുഴുകിയിരിക്കുന്ന അൻവറിനെ ഓർക്കുകയും അൻവറുമായ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയുമാണ് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി.
“ഇവനെന്റെ അമ്പു,” എന്ന പരിചയപ്പെടുത്തലോടെയാണ് അൻവറിനെ കുറിച്ചുള്ള രഘുനാഥ് പലേരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആദ്യമായി അൻവറിനെ കാണുന്നത് ചെന്നൈയിൽ വച്ചായിരുന്നെന്നും അവനെടുത്ത കറുപ്പും വെളുപ്പും ഇടകലർന്ന ഫോട്ടോകൾ ഇപ്പോഴും കാഴ്ചയിലുണ്ടെന്നും രഘുനാഥ് പലേരി ഓർത്തെടുക്കുന്നു. “ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞു. എന്റെ കണ്ണീര് അവൻ കണ്ടിരുന്നില്ല, അവന്റേത് ഞാനും. പീന്നീട് അവൻ കുറെ സിനിമകളുമായി വന്ന് തിരശ്ശീലയിലെ അവന്റ സ്ഥാനം അടയാളപ്പെടുത്തി. എല്ലാം എനിക്കും അതിയായ ആഹ്‌ളാദം നൽകി. ഇപ്പോൾ അവൻ ട്രാൻസിൽ മുഴുകിയിരിക്കുന്നു, തീർച്ചയായും അത് ലോകത്തെ ഉന്മത്തമാക്കുമെന്ന് ഉറപ്പുണ്ട്,” ഹൃദയ സ്പർശിയായ കുറിപ്പിൽ രഘുനാഥ് പലേരി കുറിക്കുന്നു.
മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അൻവര്‍-ഫഹദ് ടീമിന്‍റെ ‘ട്രാൻസ്’. അൻവർ റഷീദ് അഞ്ചു വർഷത്തിനു ശേഷം സംവിധായക കുപ്പായമണിയുന്ന ചിത്രമെന്ന രീതിയിലും ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ ഫഹദിന് പുറമെ നസ്രിയ, സൗബിൻ ഷാഹിര്‍, ചെമ്പൻ വിനോദ് ജോസ്, വിനായകൻ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സംവിധായകൻ അൽഫോൻസ് പുത്രൻ എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ഒരു ഗാനം വിനായകനാണ് ആലപിച്ചിരിക്കുന്നത്.
നവാഗതനായ വിൻസെന്‍റ് വടക്കനാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അമൽ നീരദ് ഛായാഗ്രഹണവും റസൂര്‍ പൂക്കൂട്ടി സൗണ്ട് ഡിസൈനിംഗും റെക്സ് വിജയൻ സംഗീതവും അജയൻ ചാലശ്ശേരി കലാസംവിധാനവും നിർവ്വഹിക്കും. അൻവര്‍ റഷീദ് എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ആന്തോളജി ചിത്രമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം 15 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ട്രാൻസ് എന്ന് ഒരിക്കൽ ഫഹദ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Read more: അൻവർ റഷീദ് ചിത്രത്തിൽ നസ്രിയ, ഫഹദ് ഫാസിലിന്‍റെ നായികയാകുന്നു
അതേസമയം, ഷാനവാസ് കെ ബാവക്കുട്ടിയുടെ ‘തൊട്ടപ്പൻ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും സജീവമാകുകയാണ് രഘുനാഥ് പലേരി. വിനായകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘തൊട്ടപ്പനി’ൽ അദ്രുമാൻ എന്ന കഥാപാത്രത്തെയാണ് രഘുനാഥ് പലേരി അവതരിപ്പിക്കുന്നത്. ‘കിസ്മത്തി’ന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് ‘തൊട്ടപ്പന്‍’. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖം പ്രിയംവദയാണ് നായിക.
Read more: ഞാൻ ഇന്നും ആ തോട്ടത്തിന്റെ കാവൽക്കാരൻ; ‘ഒന്ന് മുതല്‍ പൂജ്യം വരെ’യുടെ ഓർമ്മകളിൽ രഘുനാഥ് പലേരി
ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്നും എഡിറ്റിംഗ് ജിതിന്‍ മനോഹറും നിർവ്വഹിച്ചു. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് നിര്‍മാണം.