മലയാളത്തിലെ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് തമിഴ് അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. അൻവർ റഷീദ് ഇനി ചെയ്യാൻ പോകുന്ന പ്രധാനപ്പെട്ട മൂന്ന് പ്രൊജക്‌ടുകളിൽ ഒരെണ്ണം തമിഴ് ചിത്രമാണ്. സംവിധാകൻ മിഥുൻ മാനുവൽ തോമസാണ് അൻവർ റഷീദിന്റെ ആദ്യ തമിഴ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. മിഥുൻ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നതായും അർജുൻ ദാസ് ആണ് ചിത്രത്തിലെ നായകനെന്നും മിഥുൻ പറഞ്ഞു. ‘കൈതി’ എന്ന തമിഴ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അർജുൻ ദാസ്.
Read Also: നയാ പൈസ വാങ്ങാതെ ഫഹദ് അഭിനയിച്ച ചിത്രമാണ് ‘ട്രാൻസ്’; അൻവർ റഷീദ്
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ട്രാൻസ്’ ആണ് അൻവർ റഷീദിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുൻ മാനുവൽ തോമസിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘അഞ്ചാം പാതിര’യാണ്. സിനിമ തിയറ്ററിൽ വൻ വിജയമായിരുന്നു.
അതേസമയം, തമിഴ് ചിത്രം കൂടാതെ മറ്റു രണ്ട് സിനിമകൾ കൂടി അൻവർ റഷീദിന്റെതായി ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതിൽ ഒന്ന് അൽഫോൺസ് പുത്രൻ ചിത്രമാണ്, മറ്റൊന്ന് ‘ഒതളങ്ങ തുരുത്തി’ന്റെ ബിഗ് സ്ക്രീന്‍ അഡാപ്റ്റേഷനും.