സിനിമകൾക്കും അഭിനയത്തിനും സെലിബ്രിറ്റി സ്റ്റാറ്റസിനുമപ്പുറം കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന കുടുംബം ഏറ്റവും പ്രധാനം എന്ന് വിശ്വസിക്കുന്ന ആളാണ് നടി അനുശ്രീ. ക്വാറന്റൈൻ കാലത്ത് വീട്ടു വിശേഷങ്ങളുടെ ഏറെ ചിത്രങ്ങൾ അനുശ്രീ പങ്കുവയ്ക്കാറുണ്ട്.
Read More: നാത്തൂൻ ഗർഭിണിയായാൽ പലതുണ്ട് ഗുണങ്ങൾ; അനുശ്രീ പറയുന്നു
അടുത്തിടെ തലമുടിയിൽ തന്റെ ചേട്ടൻ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തോട് വളരെ സ്നേഹത്തോടെയാണ് ആളുകൾ പ്രതികരിച്ചത്. എന്നാൽ ചില ആളുകൾ അതിൽ കുറ്റം കണ്ടെത്തുകയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇവർക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലൈവിൽ വന്ന്, നെഗറ്റീവ് കമന്റ് ചെയ്ത ഓരോരുത്തരുടേയും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ മറുപടി നൽകുന്നത്. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ താൻ ജീവിക്കുന്ന കുടുംബത്തിൽ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും താരം പറയുന്നു.
അനുശ്രീയെ കല്യാണം കഴിപ്പിച്ച് വിടണം എന്നായിരുന്നു മറ്റ് ചിലർ പോസ്റ്റിൽ കമന്റ് ചെയ്തത്. എന്നാൽ ഇവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്. “നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാൻ വന്നു നിൽക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാൽ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേർന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധമുട്ടേണ്ട. കല്യാണം കഴിച്ചാൽ തന്നെ ഡിവോഴ്സ് എന്നാണെന്നല്ലെ നിങ്ങൾ ഞങ്ങളോട് ചോദിക്കാറ്,” എന്ന് അനുശ്രീ പറഞ്ഞു.
താൻ ഓവർ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും താൻ എട്ട് വർഷം അഭിനയ രംഗത്ത് പിടിച്ച് നിന്നത് എന്നും ജീവിതത്തിൽ ഓവർ ആക്ടിങ് ആണെന്ന് പറയാൻ നിങ്ങൾക്കെന്നെ നേരിൽ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും അവർ പറയുന്നു.
നെഗറ്റീവ് കമന്റ് നൽകിയവരുടെ ഫോൺ നമ്പരുകൾ ഉണ്ടായിരുന്നെങ്കിൽ നേരിൽ വിളിച്ച് മറുപടി പറഞ്ഞേനെ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവിൽ വന്നതെന്നും അനുശ്രീ വ്യക്തമാക്കി.