ലോക്ക്‌ഡൗൺ കാലത്തെ വിരസതയകറ്റാനുള്ള ശ്രമങ്ങളിലാണ് സെലിബ്രിറ്റികളും. പാട്ടും ഡാൻസും, ടിക് ടോക്കും പാചകവും എഴുത്തും വായനയും എന്നിങ്ങനെ സകല അടവുകളും പയറ്റുന്നുണ്ട്. നടി അനുശ്രീ വീട്ടിലും നാട്ടിലും രസകരമായ മോഡലിങാണ് സമയം പോകാൻ തിരഞ്ഞെടുത്തിയിരിക്കുന്നത്.

Read More: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി

ഇന്നിപ്പോൾ മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവുമൊക്കെ ധരിച്ച് നല്ല കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുന്നു. തന്റെ വീടിനടുത്തെ അമ്പലപ്പറമ്പിൽ വച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് അനുശ്രീ വേറെയും ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിനും രസകരമായ ക്യാപ്ഷനും താരം നൽകിയിരുന്നു. ” ഈ ലോക്ഡൗൺ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടൻ, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി,” രസകരമായ അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്.

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം. ലോക്ക്‌ഡൗൺ കാല ജീവിതവും വീട്ടിലെ വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ അനുശ്രീ സമയം കണ്ടെത്താറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook