എത്ര വലിയ തിരക്കിലും അനുശ്രീയുടെ ആദ്യ പരിഗണന കുടുംബമാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന രസകരമായ നിമിഷങ്ങൾ പലപ്പോഴും അനുശ്രീ സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. ഇക്കുറി തന്റെ ചേട്ടൻ അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കുട്ടികളെ പോലെയാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞിനെ മടിയിലും വച്ചിട്ടുണ്ട്.
‘പേരതത്തമ്മ, ഒരു പേരതത്തമ്മ‘ എന്ന കുട്ടികളുടെ കവിതയാണ് വീഡിയോയിൽ അനുശ്രീ ചൊല്ലുന്നത്. സത്യത്തിൽ ചൊല്ലുന്നത് അനുശ്രീയല്ല, ചുണ്ടനക്കുക മാത്രമാണ് താരം ചെയ്യുന്നത്. പിന്നെ ആവശ്യത്തിന് ഭാവങ്ങൾ വാരി വിതറുന്നുമുണ്ട്.
അനുശ്രീയുടെ വീഡിയോ കണ്ട് നവ്യാ നായർ ഉൾപ്പെടെയുള്ള താരങ്ങൾ പൊട്ടിച്ചിരിക്കുകയാണ്. ആരാധകർ പലരും അനുശ്രീക്ക് കൈയടിക്കുന്നുമുണ്ട്.
സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം അനുശ്രീ തന്നെയായിരുന്നു സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.
“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നായിരുന്നു രസകരമായ കുറിപ്പിൽ അനുശ്രീ പറഞ്ഞത്.
സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപും അനുശ്രീ പങ്കുവച്ചിരുന്നു. “വീട്ടിലെ നാത്തൂൻ ഗർഭിണി ആയാലുള്ള ഗുണങ്ങൾ പലതാണ്. പലഹാരങ്ങൾ, പഴങ്ങൾ…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം.
ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൂന്നാർ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റസ്റ്ററന്റിലെ സ്വിമ്മിങ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുകയാണ് താനെന്നാണ് ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചത്. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ടെന്നും അനുശ്രീ പറയുന്നു.
കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരി സ്വദേശിയായ അനുശ്രീ അടുത്തിടെ കൊച്ചിയിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു.