‘ചിത്രങ്ങളില്‍ നിങ്ങൾ സുന്ദരിയായി കാണപ്പെടുന്നു. പക്ഷേ മാസ്ക് ഇല്ലാതെ ഇത്രയധികം ആളുകൾക്ക് നടുവിൽ നിൽക്കാമോ? ഒരു സെലിബ്രിറ്റി ആയതു കൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതല്ലേ നിങ്ങള്‍? നിങ്ങളുടെ ഫോളേവേഴ്സിനെ നിങ്ങൾ സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കരുത്. ക്ഷമിക്കണം, ഇത് എന്നെ നിരാശപ്പെടുത്തുന്നു,’ നടി അനുശ്രീയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ വന്ന കമന്റുകളില്‍ ഒന്നാണ് ഇത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ ഏറ്റവും അടുത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, ആ പോസ്റ്റില്‍ തന്നെ കമന്റിനുള്ള വിശദീകരണവും ഉണ്ട്. ഇത് വളരെക്കാലം മുന്‍പ് എടുത്ത ഒരു ചിത്രമാണ് എന്ന് അതില്‍ അനുശ്രീ വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് പാളയം മാര്‍ക്കറ്റിന്റെ ചരിത്ര പ്രസക്തിയും അവിടെ നിന്നും ലോകത്തേക്ക് മുഴുവന്‍ കയറ്റി അയക്കപ്പെട്ട ‘കാലിക്കോ’ എന്ന കൈത്തറി വസ്ത്രങ്ങളുടെ ശ്രേണിയും അനുശ്രീ കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്. പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരും അവരുടെ ചരിത്രവും ഇന്നും വിസ്മയിപ്പിക്കുന്നു എന്നും താരം കുറിച്ചു. പാളയം മാര്‍ക്കറ്റിലും സ്ഥിതിഗതികള്‍ പഴയ പോലെയാകും എന്ന് പ്രത്യാശിച്ചു കൊണ്ടും പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് അനുശ്രീ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അനുശ്രീയുടെ ഫോട്ടോയ്ക്ക് താഴെയും തുടർന്ന് സോഷ്യൽ മീഡിയയിലും ചിത്രങ്ങൾ ചർച്ചയായ സാഹചര്യത്തിൽ അനുശ്രീ ഇപ്പോൾ ആ ചിത്രങ്ങൾ പിൻവലിച്ചിരിക്കുകയാണ്. അതേ ഗെറ്റപ്പിലുള്ള മറ്റു ചില ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനിടെ തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ അനുശ്രീ ലോക്ക്ഡൌണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയാണ്. വിവിധ തരം ഫോട്ടോഷൂട്ടുകളും, സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഒക്കെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട് താരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തന്റെ സഹപാഠിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനും ഇറങ്ങിരുന്നു അനുശ്രീ.
2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്.
Read more: വീണ്ടും ഞങ്ങൾ കുട്ടികളായപ്പോൾ; വേനൽമഴയിൽ നനഞ്ഞ് അനുശ്രീ