സഹോദരൻ അനൂപുമായി ഏറെ ആത്മബന്ധമുള്ള ഒരാളാണ് നടി അനുശ്രീ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് സഹോദരന്റെ കരുതലും സ്നേഹവുമാണെന്ന് പല തവണ നടി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സഹോദരന്റെ കരുതലിനെ കുറിച്ചൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം പുഴയിൽ വെച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥ പറയുകയാണ് താരം.
“എല്ലായ്പ്പോഴുമെന്ന പോലെ, നിങ്ങളാണ് എന്റെ കരുത്ത് അനൂപ് അണ്ണാ… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു,”അനുശ്രീ കുറിക്കുന്നു.
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്.
കേരളതനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളിൽ അതീവസുന്ദരിയാണ് അനുശ്രീ. “പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Read more: അച്ഛന്റെ മേൽനോട്ടത്തിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട്; ചിത്രങ്ങളുമായി അനുശ്രീ
കഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.
”പരിണാമം… എന്റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.
ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.
ലോക്ക്ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.
Read more: നാത്തൂൻ ഗർഭിണിയായാൽ പലതുണ്ട് ഗുണങ്ങൾ; അനുശ്രീ പറയുന്നു