ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ അനുഷ്‌ക-പ്രഭാസ് ജോഡികള്‍ തമ്മില്‍ പ്രണയത്തിലാണ്, വിവാഹം കഴിക്കും തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരുടേയും ആരാധകര്‍ ഇവര്‍ക്ക് പ്രനുഷ്‌ക എന്നു വിളിപ്പേരുമിട്ടു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് താരങ്ങള്‍ പല തവണ വ്യക്തമാക്കി.

അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഭാസിനെ വിവാഹം കഴിക്കുമോ എന്നു ചോദിച്ച ആരാധികയോട്, അമരേന്ദ്ര ബാഹുബലിയും ദേവസേനയും സ്‌ക്രീനില്‍ മാത്രമാണെന്നും അവര്‍ക്കിടയിലെ ആ രസതന്ത്രം അങ്ങനെ തന്നെ നിലനില്‍ക്കട്ടെ, അത് ജീവിതത്തില്‍ പ്രതീക്ഷിക്കരുതെന്നും അനുഷ്‌ക മറുപടി നല്‍കി.

ഇപ്പോള്‍ വീണ്ടും വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് അനുഷ്‌കയുടെ വെളിപ്പെടുത്തല്‍.

‘എനിക്ക് 20 വയസായപ്പോഴാണ് ആദ്യമായി വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത് അതിന്റെ സമയത്ത് നടക്കുമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത് അവര്‍ക്കും അറിയാം.’

‘ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ സമയമാകുമ്പോള്‍ എന്റെ ജീവിതത്തിലേക്കു ഒരാള്‍ എത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. എന്നാല്‍ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ വിവാഹം കഴിക്കില്ല,’ അനുഷ്‌ക പറഞ്ഞു.

അനുഷ്‌കയും താനും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് പ്രഭാസും പറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി തങ്ങള്‍ സുഹൃത്തുക്കളാണെന്നും ഇത്തരം ഗോസിപ്പുകള്‍ ഒരിക്കലും ആ സൗഹൃദത്തെ ബാധിക്കില്ലെന്നുമായിരുന്നു പ്രഭാസിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ