‘സെസ് സീറോ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുഷ്ക ഷെട്ടി തടി കൂട്ടിയത്. തടി കൂടിയ സ്ത്രീ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നതായിരുന്നു ചിത്രം. സിനിമയ്ക്ക് ശേഷം തടി കുറയ്ക്കാനുളള അനുഷ്ക ഷെട്ടിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അമേരിക്കയിൽ ചികിൽസ നടത്തിയിട്ടും ഡയറ്റിങ്ങും വ്യായാമവും ചെയ്തിട്ടും തടി കുറഞ്ഞില്ല. അനുഷ്കയുടെ തടി മൂലം ബാഹുബലി 2 വിന്റെ അണിയറപ്രവർത്തകരും ഏറെ ബുദ്ധിമുട്ടി. ഒടുവിൽ ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് സ്ക്രീനിൽ അനുഷ്കയുടെ തടി കുറച്ചു കാണിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തടി കുറഞ്ഞില്ലെങ്കിലും തന്റെ പരിശ്രമങ്ങൾ അനുഷ്ക അവസാനിപ്പിച്ചില്ല. ഒടുവിൽ അനുഷ്കയ്ക്ക് ഫലം കിട്ടി. വണ്ണം കുറഞ്ഞ് അനുഷ്ക സുന്ദരിയായി. തന്റെ പുതിയ ലുക്കിലുളള ചിത്രം ഫെയ്സ്ബുക്ക് പേജിലൂടെയാണ് അനുഷ്ക ആരാധകർക്കായി പങ്കുവച്ചത്. കറുത്ത വസ്ത്രമണിഞ്ഞ് മുടി ബോബ് ചെയ്ത് തറയിൽ അനുഷ്ക ഇരിക്കുന്നതാണ് ചിത്രം. ”മാജിക്കിലൂടെ സ്വപ്നം യാഥാർഥ്യമാകില്ല. അതിന് നിശ്ചയദാർഢ്യവും കഠിനാധ്വാനവും വേണ”മെന്നും അനുഷ്ക ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

അനുഷ്കയുടെ പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അനുഷ്കയുടെ വാക്കുകൾ വളരെ പ്രചോദനമാണെന്നും താരത്തിന്റെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നുവെന്നുമാണ് ആരാധകർ പറയുന്നത്.

പുതിയ ചിത്രമായ ബാഗമതിയിൽ പഴയ അനുഷ്കയെ കാണാം. ബാഹുബലിയുടെ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന തെലുങ്ക് ത്രില്ലറാണ് ബാഗമതി. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. മുറിവേറ്റ ശരീരവും കൈയ്യില്‍ ചോരനിറഞ്ഞ ചുറ്റികയും പിടിച്ചു നിൽക്കുന്നതായിരുന്നു ചിത്രം. അടുത്തവര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രവും ഈ സിനിമയിൽനിന്നുളളതാണെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook