പ്രഭാസിന് ഇന്ന് പിറന്നാളിന്റെ മധുരമാണ്. സിനിമാ ലോകത്തുനിന്നും നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. പക്ഷേ അപ്പോഴും ആരാധകർ കാത്തിരിക്കുന്നത് അനുഷ്ക ഷെട്ടി പ്രഭാസിന് പിറന്നാൾദിനത്തിൽ നൽകുന്ന ആശംസകൾക്കായാണ്. ബാഹുബലി പുറത്തിറങ്ങിയതോടെ പ്രഭാസ്-അനുഷ്ക ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്.

പ്രഭാസ് അനുഷ്കയുമായി പ്രണയത്തിലാണെന്നും ഉടൻതന്നെ ഇരുവരും വിവാഹം കഴിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബാഹുബലി 2 പുറത്തിറങ്ങിയതിനുപിന്നാലെയാണ് അനുഷ്കയും പ്രഭാസും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നത്. ഒടുവിൽ ഇതിൽ അതൃപ്തി അറിയിച്ച് അനുഷ്ക മറുപടി പറയുകയും ചെയ്തു. താൻ ഒപ്പം അഭിനയിക്കുന്ന നടന്മാർക്കൊപ്പം തന്റെ പേരും ചേർത്ത് വാർത്തകൾ മെനയുന്നത് മാധ്യമങ്ങളുടെ ശീലമായി മാറിയിട്ടുണ്ടെന്നായിരുന്നു അനുഷ്കയുടെ പ്രതികരണം. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ പ്രഭാസിന്റെയും മറുപടി വന്നു.

“ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു”, ഇതായിരുന്നു പ്രഭാസ് പറഞ്ഞത്. ഇതോടെ പാപ്പരാസികൾ വായ് മൂടിക്കെട്ടി.

പ്രണയത്തിലല്ലെങ്കിലും അനുഷ്കയുടെ അടുത്ത സുഹൃത്താണ് പ്രഭാസ്. അതിനാൽതന്നെ പ്രഭാസിന് സർപ്രൈസ് ബെർത്ത്ഡേ സമ്മാനം നൽകാനാണത്രേ അനുഷ്കയുടെ പ്ലാൻ. പ്രഭാസിന് ഏറെ ഇഷ്ടപ്പെട്ട ഒരു ഡിസൈനർ വാച്ചാണ് അനുഷ്ക സമ്മാനമായി നൽകാൻ പോകുന്നതെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേർ താരത്തിന് പിറന്നാൾ ആസംസകൾ നേർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ