ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. വരുന്ന ജനുവരിയിൽ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെത്തുമെന്ന കാര്യം ഇരുവരും ഒന്നിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

ഗർഭകാലവും വളരെ ഊർജ്ജസ്വലതയോടെ ചെലവഴിക്കുകയാണ് അനുഷ്ക ശർമ്മ. നിറവയറുമായി ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അനുഷ്കയെ സഹായിക്കാനായി ഭർത്താവ് വിരാടും കൂടെ തന്നെയുണ്ട്. യോഗയ്ക്ക് ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന അനുഷ്ക ഗർഭകാലത്തും യോഗയെ മുറുകെ പിടിക്കുകയാണ്.

This exercise is ‘hands-down’ (and legs up) the most difficult one
#Throwback

P.S. – As yoga is a big part of my…

Posted by Anushka Sharma on Monday, November 30, 2020

ഐ‌പി‌എൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും ഒരു വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. കളിയുടെ സമ്മർദ്ദത്തിനിടയിൽ, ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യവിവരം അന്വേഷിക്കുകയാണ് വിരാട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക.

ഇരുവരും തമ്മിലുള്ള ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. “എന്തൊരു ക്യൂട്ടാണ് അനുഷ്കയും വിരാടും,”എന്നാണ് ആരാധകർ പറയുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌സി‌ബി) ചെന്നൈ സൂപ്പർ കിംഗ്സും (സി‌എസ്‌കെ) അടുത്തിടെ നടന്ന ഐ‌പി‌എൽ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ.

ക്രിക്കറ്റിനു പുറമേ തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്കയെന്നും തന്നെ ശരിയായ ദിശയിൽ നയിക്കുന്നത് അവളാണെന്നും മുൻപൊരു അവസരത്തിൽ കോഹ്‌ലി പറഞ്ഞിരുന്നു. ”എന്റെ ജീവിതത്തിൽ ക്രിക്കറ്റിന് പുറമേ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അുഷ്ക. ജീവിതത്തിൽ ശരിയായ വ്യക്തിയെയാണ് എനിക്ക് കിട്ടിയത്. അവൾ ഒരു പ്രൊഫഷണലാണ്, എന്റെ പ്രൊഫഷനെ അവൾ ശരിക്കും മനസിലാക്കുന്നുണ്ട്. ശരിയായ ദിശയിൽ അവൾ എന്നെ നയിക്കുന്നുമുണ്ട്,” കോഹ്‌ലി പറഞ്ഞതിങ്ങനെ.

”ഞങ്ങൾ‌ ഒന്നിച്ചായിരിക്കുന്നതിൽ‌ നിന്നും ഞാൻ‌ മനസിലാക്കിയ കാര്യം, ജീവിതത്തിൽ‌ ശരിയായ കാര്യങ്ങൾ‌ ചെയ്യാൻ‌ നിങ്ങൾ‌ ആഗ്രഹിക്കുന്നുവെങ്കിൽ, ബുദ്ധിമുട്ടുളള കാര്യങ്ങൾ‌ ചെയ്യുമ്പോഴും നിങ്ങൾക്കൊപ്പം നിൽക്കും. ഫീൽഡിലും ഇതേ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ ഈ വ്യക്തിത്വം സഹായിക്കും,” കോഹ്‌ലി പറഞ്ഞു.

Read Also: അനുഷ്ക ശർമ്മയുടെ ബീച്ച് ഫോട്ടോ വിരാട് കോഹ്‌ലിയുടെ ഹൃദയം കവർന്നു

2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ.

Read more: ദുബായിൽ സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook