രാജ്യത്തെ തന്നെ ഏറ്റവും പോപ്പുലറായ താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. ഇരുവരുടെയും ഏകമകൾ വാമികയുടെ പിറന്നാളാണിന്ന്. രണ്ടാം ജന്മദിനത്തിലും മകളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് കോഹ്ലിയും അനുഷ്കയും പങ്കുവച്ചത്.
‘രണ്ട് വർഷങ്ങൾക്കു മുൻപ് എന്റെ ഹൃദയം വളരെ വിശാലമായി തുറക്കപ്പെട്ടു’ എന്ന അടിക്കുറിപ്പോടെയാണ് മകൾക്കൊപ്പമുള്ള ചിത്രം അനുഷ്ക പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങളും വാമികയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട്.
വിരാടും മകൾക്ക് ആശംസകൾ നേർന്ന് ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഹൃദയമിടിപ്പിന് 2 വയസ്സ്,’ എന്നാണ് വിരാട് കുറിച്ചത്.
മകളുടെ കൈപിടിച്ച് കടൽ തീരത്തു കൂടി നടക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരങ്ങൾ പങ്കുവച്ചിരുന്നു. “ദൈവം എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നു. ഇനി എനിക്ക് ചോദിക്കാനായി ഒന്നുമില്ല. പകരം നന്ദി പറയുകയാണ് ചെയ്യേണ്ടത്,” വിരാട് ചിത്രത്തിനു താഴെ കുറിച്ചതിങ്ങനെയായിരുന്നു.
2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്നാൽ ഇതുവരെ മകളുടെ മുഖം ആരാധകർ കണ്ടിട്ടില്ല. മകളുടെ സ്വകാര്യതയെ കരുതി എപ്പോഴും കുത്തിന്റെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് കോഹ്ലിയും അനുഷ്കയും പങ്കുവയ്ക്കാറുള്ളത്.
നാലു വർഷമായി സിനിമാജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്ക. ജുലാൻ ഗോസ്വാമിയായി എത്തുന്ന ‘ചക്ത എക്സ്പ്രസാ’ണ് അനുഷ്കയുടെ പുതിയ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക.