താരദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മ്മയും വിവാഹം കഴിഞ്ഞത് മുതല്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഇരുവരും തമ്മിലുളള പ്രണയനിമിഷങ്ങള്‍ ഇവര്‍ തന്നെ സോഷ്യൽ മീഡിയയില്‍ ചിത്രങ്ങളായി പോസ്റ്റ് ചെയ്യാറുണ്ട്. ജോലി തിരക്കുകളില്‍ നിന്ന് ഒഴിയുമ്പോഴൊക്കെയും ഇരുവരും പ്രണയാതുരമായാണ് സമയം ചെലവഴിക്കുന്നത്.

ഡിസംബറില്‍ വിവാഹം നടന്നത് മുതല്‍ മറ്റ് ദമ്പതികളെ അസൂയപ്പെടുത്തുന്ന രീതിയിലാണ് ഇരുവരുടേയും ഒന്നിച്ചുളള ജീവിതം. താരദമ്പതികളുടെ ചിത്രമോ വീഡിയയോ ഇല്ലാത്ത ഒരു ദിവസം പോലും സോഷ്യൽ മീഡിയയില്‍ ഉണ്ടാവാറുമില്ല. സിനിമാ ചിത്രീകരണവും ക്രിക്കറ്റ് മൽസരങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും ഒന്നിച്ചുളള സമയം അത്യാഘോഷമാക്കി മാറ്റാറുണ്ട് ഇരുവരും.

താരദമ്പതികള്‍ ഏറെ സ്നേഹത്തിലാണെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം അനുഷ്ക പുറത്തുവിട്ട ചിത്രം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിരാട് കോഹ്‌ലി ധരിച്ച വെളള നിറത്തിലുളള ടീഷര്‍ട്ടാണ് അനുഷ്ക ധരിച്ചത്. ‘സ്റ്റേറ്റ് ഓഫ് മൈന്‍ഡ്’ എന്ന വാചകം എഴുതിയ ടീഷര്‍ട്ട് ധരിച്ച ഇരുവരുടേയും ചിത്രം വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ സ്നേഹപ്രകടനങ്ങളുമായി ആരാധകരും രംഗത്തെത്തി.

കോഹ്‌ലിയുടെയും ഭാര്യ അനുഷ്ക ശർമ്മയുടെയും ജോഡിപ്പൊരുത്തം ഇരുവരുടെയും ആരാധകർ വിവാഹത്തിനു മുൻപേ അംഗീകരിച്ചതാണ്. അതിനാലാണ് അവർ ‘വിരുഷ്ക’ എന്ന ചെല്ലപ്പേരിൽ ഇരുവരെയും വിളിക്കുന്നത്. അനുഷ്കയോടുളള തന്റെ സ്നേഹം കോഹ്‌ലി വിവാഹത്തിനു മുൻപേ പലതവണ പ്രകടമാക്കിയിട്ടുണ്ട്. എന്തായാലും പുതിയ ചിത്രങ്ങളും താരങ്ങളുടെ ജോഡിപ്പൊരുത്തത്തിന് കൂടുതല്‍ തെളിവാണെന്നാണ് ആരാധകരുടെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ