കഴിഞ്ഞ കുറേ ദിവസങ്ങളായി വാര്‍ത്തകളിലെ സ്ഥിരം തലക്കെട്ടുകളായിരുന്നു അനുഷ്‌ക ശര്‍മ്മ-വിരാട് കോഹ്‌ലി പ്രണയ സാഫല്യം. ഡിസംബര്‍ 11നാണ് ഇറ്റലിയില്‍ വച്ച് ഇരുവരും വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായ ആ ചടങ്ങിനെക്കുറിച്ച് വെഡ്ഡിങ് ഡിസൈനര്‍ ദേവിക നരൈന്‍ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്.

വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ ഉള്ള മുഴുവന്‍ കാര്യങ്ങളും രൂപകല്‍പന ചെയ്തത് അനുഷ്‌കയാണെന്നാണ് ദേവിക പറയുന്നത്. ‘അനുഷ്‌ക ശരിക്കും ഒരു പരമ്പരാഗത ഇന്ത്യന്‍ വധുവാണ്. വിവാഹം തീര്‍ത്തും സ്വകാര്യമായാണ് നടത്തേണ്ടത് എന്ന നിര്‍ദ്ദേശം ഉള്ളതിനാല്‍ ഞങ്ങള്‍ അവരെ പേരെടുത്തു വിളിച്ചിരുന്നില്ല. വിവാഹത്തിന്റെ ഓരോ കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും തന്നത് അനുഷ്‌ക തന്നെയാണ്. ഞങ്ങള്‍ അത് നടപ്പിലാക്കി എന്നു മാത്രം. പിന്നെ ആരും വിചാരിക്കുന്നതു പോലെ അല്ല, അനുഷ്‌കയും കോഹ്‌ലിയും വളരെ സ്പിരിച്വല്‍ ആയ ആളുകള്‍ ആണ്. ഇരുവരും റൂമിയുടെ വലിയ ആരാധകര്‍. ചടങ്ങിലെത്തിയ അതിഥികള്‍ക്കായി റൂമിയുടെ കവിതകള്‍ ആന്തോളജിയായി അവതരിപ്പിച്ചിരുന്നു.’

ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍വച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിരുഷ്‌ക വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കള്‍ക്കായി അന്ന് ഒരു വിവാഹപാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായുള്ള വിവാഹ സല്‍ക്കാരം. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയില്‍വച്ചായിരിക്കും ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ