2017 ഡിസംബർ 11ന് ഇറ്റലിയിൽ വച്ച് സ്വപ്നതുല്യമായ വിവാഹമായിരുന്നു അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും. ഇപ്പോൾ സാധാരണയായി സെലിബ്രിറ്റികൾ ചെയ്യുന്നത് പോലെ വിവാഹദിനം വരെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവർ രഹസ്യമാക്കി വച്ചിരുന്നു. പക്ഷേ, വിവാഹത്തിന്റെ കാര്യങ്ങൾ തന്നെ ഏൽപ്പിച്ചിരുന്നെങ്കിൽ, മൂന്ന് ദിവസത്തിനുള്ളിൽ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുമായിരുന്നുവെന്ന് പറയുകയാണ് വിരാട് കോഹ്ലി. അനുഷ്കയോട് ഒരിക്കലും വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ലെന്നും തങ്ങൾ ഒരുമിക്കുമെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായുള്ള സംഭാഷണത്തിനിടയിലാണ് താൻ ഒരിക്കലും അനുഷ്കയോട് വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ലെന്ന് കോഹ്ലി സമ്മതിച്ചത്. “നിങ്ങൾ പ്രണയത്തിലായിരിക്കുമ്പോൾ, എല്ലാ ദിവസവും വാലന്റൈൻസ് ഡേ പോലെയാകാം, പ്രത്യേകതയുള്ളതാകാം. അങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഞങ്ങൾ പരസ്പരം വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒരിക്കലും അതിൽ സംശയമുണ്ടായിരുന്നില്ല. കാര്യങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് മനസിലാക്കിയപ്പോൾ, ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നതിൽ ഞങ്ങൾക്ക് സന്തോഷവും ആവേശവും തോന്നി. എല്ലാം സാധാരണപോലെ സംഭവിച്ചു,” കോഹ്ലി പറഞ്ഞു.
വിവാഹദിനത്തിൽ അനുഷ്കയും കോഹ്ലിയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹത്തിന് ശേഷം പുറത്തുവന്ന അവരുടെ ചിത്രങ്ങൾ ആരാധകരെയും ആവേശത്തിലാക്കിയിരുന്നു.
എന്നിരുന്നാലും, വിവാഹത്തിന്റെ ക്രമീകരണങ്ങൾ തന്നെ ഏൽപ്പിച്ചിരുന്നെങ്കിൽ എല്ലാ കാര്യങ്ങളും വെറും മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവരും അറിഞ്ഞേനെയെന്ന് കോഹ്ലി പറയുന്നു. “ഞങ്ങളുടെ വിവാഹത്തിനുള്ള കാര്യങ്ങൾ ക്രമീകരിച്ചപ്പോൾ ഞങ്ങൾ വ്യത്യസ്ത പേരുകളും ഇ-മെയിൽ ഐഡികളുമാണ് ഉപയോഗിച്ചത്. പക്ഷേ, അത് എന്റെ ആശയമായിരുന്നില്ല. അതൊക്കെ എന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ, ഞാൻ എല്ലാം ഉറപ്പായും വെളിപ്പെടുത്തുമായിരുന്നു, ഭക്ഷണം, അലങ്കാരം തുടങ്ങി എല്ലാം വെളിപ്പെടുത്തിയേനെ. പക്ഷേ, ഭാഗ്യത്തിന് ഞാൻ ഒരു ടെസ്റ്റ് മത്സരം കളിക്കുകയായിരുന്നു, അതുകൊണ്ട് അതെല്ലാം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞു,” കോഹ്ലി ഛേത്രിയോട് പറഞ്ഞു.
Also Read: സന്തോഷത്താൽ ചിരിച്ച് വിക്കിയും കത്രീനയും; ഹൽദി ചിത്രങ്ങൾ
“വളരെ സീരിയസായി എഴുതിയ ഒരു കുറിപ്പിൽ, കാര്യങ്ങൾ ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് എല്ലാവരേയും അറിയിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാൽ, അതിനുവേണ്ടി കഠിനാധ്വാനം ചെയ്തതും എല്ലാം ഏകോപിപ്പിച്ചതും അനുഷ്കയായിരുന്നു. വന്ന എല്ലാവർക്കും അറിയാമായിരുന്നു അതെല്ലാം അവൾ ചെയ്തതാണെന്ന്, ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷവും അവരും ഇഷ്ടപ്പെട്ടു.” കോഹ്ലി കൂട്ടിച്ചേർത്തു.
വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും വിവാഹിതരായിട്ട് ഇപ്പോൾ നാല് വർഷം പൂർത്തിയായി. 2021 ജനുവരി 11 ന് ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. വാമിക എന്നാണ് മകൾക്ക് പേരിട്ടത്.