അനുഷ്ക ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ജനുവരി 11നാണ് ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്താതിരിക്കാൻ ഫൊട്ടോഗ്രാഫർമാരോട് അഭ്യർത്ഥിക്കുകയാണ് കോഹ്ലിയും അനുഷ്കയും ഇപ്പോൾ. കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും താരങ്ങൾ വ്യക്തമാക്കി.
തങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ മുംബൈയിലെ ഫൊട്ടോഗ്രാഫർമാരോട് തങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്താതിരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും വിരാടും അനുഷ്കയും ഒരു പ്രസ്താവനയിൽ പറഞ്ഞു.
“ഹായ്, ഇക്കഴിഞ്ഞ വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന നിമിഷങ്ങൾ നിങ്ങളോടൊപ്പം ആഘോഷിക്കാനാവുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്,” വിരാടും അനുഷ്കയും പ്രസ്താവനയിൽ പറഞ്ഞു.
Read more: മാലാഖ വീട്ടിലെത്തി; അനുഷ്കയുടെയും വിരാടിന്റെയും മകളുടെ ആദ്യചിത്രം പങ്കുവച്ച് സഹോദരൻ
തങ്ങൾ രണ്ടുപേരുടെയും ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും പറഞ്ഞു.
“ഞങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങളെല്ലാം ലഭ്യമാവും. എന്നാൽ ഞങ്ങളുടെ കുഞ്ഞിന്റേതായ ചിത്രങ്ങളോ വീഡിയോകളോ ഒന്നും എടുക്കാതിരിക്കുക. ഞങ്ങളുടെ കുഞ്ഞിന്റെ വീഡിയോയോ ചിത്രങ്ങളോ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുക. നിങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ കഴിയുമെന്ന് കരുതുന്നു. അതിന് മുൻകൂർ നന്ദി പറയുന്നു,” പ്രസ്താവനയിൽ പറയുന്നു.
Read more: ഇത് ഇവിടം കൊണ്ട് നിർത്തിക്കോണം; സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കിയവർക്ക് അനുഷ്കയുടെ മുന്നറിയിപ്പ്
— Virat Kohli (@imVkohli) January 11, 2021
മകൾ ജനിച്ച വാർത്ത പ്രഖ്യാപിക്കുമ്പോഴും വിരാട് കോഹ്‌ലി ആരാധകരോട് കുഞ്ഞിന്റെ സ്വകാര്യതയെ ‘ബഹുമാനിക്കാൻ’ അഭ്യർത്ഥിച്ചിരുന്നു. “ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്തത്.
Read more: ജീവിതത്തിലെ പുതിയ അധ്യായം; മകളെ വരവേറ്റ് കോഹ്ലി-അനുഷ്ക ദമ്പതികൾ