വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹത്തെക്കുറിച്ച് ബോളിവുഡിലെ പലരും അറിഞ്ഞിരുന്നില്ല. ഒരുമിച്ച് അഭിനയിച്ചിട്ടും അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും കത്രീന കെയ്ഫിനോടു പോലും അനുഷ്ക ആ വിവരം മറച്ചുവച്ചു. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‌ലി-അനുഷ്ക രഹസ്യ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കത്രീന ഇക്കാര്യം വ്യക്തമാക്കിയത്.

”കോഹ്‌ലി-അനുഷ്ക വിവാഹത്തെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ലായിരുന്നു. പക്ഷേ രണ്ടുപേരുടെയും വിവാഹം മനോഹരമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവരുടെ വിവാഹ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. രഹസ്യമായി വിവാഹം നടത്താൻ അവർ ചെയ്ത ഓരോ കാര്യവും എന്നെ അതിശയിപ്പിച്ചു. ഇരുവരും വിവാഹിതരായതിൽ സന്തോഷവും സ്നേഹവും ഉണ്ട്. ഇരുവർക്കും ആശംസകൾ നേരുന്നു”- കത്രീനയുടെ വാക്കുകൾ.

ടജബ് തക് ഹേ ജാൻട എന്ന ചിത്രത്തിലാണ് അനുഷ്കയും കത്രീനയും ഒന്നിച്ചെത്തിയത്. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് ഒരുക്കുന്ന പുതിയ ചിത്രത്തിലും കത്രീനയും അനുഷ്കയും ഒന്നിക്കുന്നുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഹണിമൂൺ ആഘോഷം കഴിഞ്ഞ് താരദമ്പതികൾ ഇന്ത്യയിൽ മടങ്ങി എത്തിയിട്ടുണ്ട്. ഡിസംബർ 26 ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായി മുംബൈയിൽ വിവാഹ സൽക്കാരം നടക്കും. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ