ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ വിവാഹം ചെയ്യുമ്പോൾ നടി അനുഷ്ക ശർമ്മയ്ക്ക് പ്രായം 29. ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് അനുഷ്ക വിവാഹിതയായത്. പല നടികളും ഈ സമയം വിവാഹിതയാകാൻ മടിക്കുമ്പോൾ അനുഷ്കയെ പ്രേരിപ്പിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് താരം. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് വിരാട് കോഹ്‌ലിയെ വിവാഹം ചെയ്യാനുളള കാരണം എന്താണെന്ന് അനുഷ്ക വെളിപ്പെടുത്തിയത്.

Read Also: ‘എല്ലാം ഇന്നലെ കഴിഞ്ഞപോലെ’; സന്തോഷം പങ്കുവച്ച് വിരാട് കോഹ്‌ലി

”പ്രേക്ഷകർക്ക് അഭിനേതാക്കളെ സ്ക്രീനിൽ കാണാൻ മാത്രമാണ് താൽപര്യം. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചോ, നിങ്ങൾ വിവാഹിതയാണെന്നോ അല്ലെങ്കിൽ നിങ്ങൾ ഒരു അമ്മയാണെന്നോ അവർ ശ്രദ്ധിക്കുന്നില്ല. ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു അനുഷ്ക വിവാഹിതയായതിനെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്.

വിവാഹശേഷം കരിയർ നഷ്ടമാകുമോയെന്ന് പുരുഷന്മാർ ചിന്തിക്കുന്നില്ല, പിന്നെ എന്തിന് സ്ത്രീകൾ ചിന്തിക്കുന്നുവെന്നും അനുഷ്ക ചോദിച്ചു. ”വിവാഹം എന്നത് ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. സ്ത്രീകളെ തുല്യമായി പരിഗണിക്കുന്നതിനായാണ് ഞാൻ എപ്പോഴും നിലകൊണ്ടിട്ടുളളത്. അതിനാൽ തന്നെ, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം മനസിൽ ഭയമുണ്ടാകാൻ ഞാൻ ആഗ്രഹിച്ചില്ല. വിവാഹിതനാകുന്നതിനു മുൻപ് ഒരു പുരുഷൻ ജോലി തുടരാനാകുമോയെന്ന് രണ്ടു തവണ ചിന്തിക്കുന്നില്ല, എങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂട. കൂടുതൽ നടിമാർ വിവാഹിതരായതിൽ എനിക്ക് സന്തോഷമുണ്ട്. സന്തുഷ്ടരായ ദമ്പതികളെ ഒരുമിച്ച് കാണുന്നത് വളരെ മനോഹരമാണ്,” അനുഷ്ക പറഞ്ഞു.

2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇറ്റലിയിലെ മിലാനിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തളും മാത്രമാണ് പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook