വിവാഹ ആഘോഷങ്ങളിൽനിന്നും അനുഷ്ക ശർമ്മ ഇനി സിനിമാ തിരക്കുകളിലേക്ക്. ദക്ഷിണാഫ്രിക്കയിൽനിന്നും അനുഷ്ക ഇന്ത്യയിൽ മടങ്ങിയെത്തി. ന്യൂഇയർ ആഘോഷിക്കുന്നതിനായാണ് അനുഷ്ക ഭർത്താവ് കോഹ്‌ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ദക്ഷിണാഫ്രിക്കയിൽനിന്നുളള ഇരുവരുടെയും സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഇറ്റലിയിലെ മിലാനിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഇരുവരും ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായി വിവാഹ സൽക്കാരം നടത്തി. അതിനുശേഷമാണ് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. ദക്ഷിണാഫ്രിക്കയിൽ ന്യൂഇയർ ആഘോഷത്തിനുശേഷവും അനുഷ്ക അവിടെ തുടർന്നു. ജനുവരി 5 ന് ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റ് മൽസരത്തിന് ഭർത്താവ് കോഹ്‌ലിക്ക് പിന്തുണ നൽകാനാണ് അനുഷ്ക കുറച്ചുനാൾ കൂടി അവിടെ തങ്ങിയത്.

ആദ്യ ടെസ്റ്റ് മൽസരത്തിൽ കോഹ്‌ലിക്ക് പിന്തുണയുമായി അനുഷ്ക ഗ്യാലറിയിൽ ഉണ്ടായിരുന്നു. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ കോഹ്‌ലി വെറും 5 റൺസിന് പുറത്തായി. കോഹ്‌ലിയുടെ മികച്ച ഇന്നിങ്സ് കാണാൻ കൊതിയോടെ എത്തിയ അനുഷ്കയ്ക്ക് ലഭിച്ചത് നിരാശ മാത്രം. കോഹ്‌ലിയുടെ മോശം പ്രകടനത്തിന് ആരാധകർ കുറ്റം പറഞ്ഞതും അനുഷ്കയെ. അനുഷ്ക കാരണമാണ് കോഹ്‌ലി മോശം പ്രകടനം നടത്തിയതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ.

അതേസമയം, ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റ് മൽസരം പൂർത്തിയാകുന്നതിനുമുൻപേ അനുഷ്ക ഇന്ത്യയിൽ തിരിച്ചെത്തിയത് തന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടിയെന്നാണ് വിവരം. അനുഷ്കയുടെ പുതിയ ചിത്രമായ പാരി ഫെബ്രുവരി 9 നാണ് റിലീസ് ചെയ്യുന്നത്. മാത്രമല്ല ആനന്ദ് എൽ റായിയുടെ സീറോ സിനിമയിലും അനുഷ്കയാണ് നായിക. ഈ ചിത്രത്തിന്റെ ഷൂട്ടിങ് അനുഷ്കയ്ക്ക് പൂർത്തിയാക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ