76-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിന്റെ ശ്രദ്ധ കവർന്ന് ബോളിവുഡ് താരം അനുഷ്ക ശർമ്മ. വെള്ള നിറത്തിലുള്ള ഡിസൈനർ ഗൗണിൽ അതിസുന്ദരിയായാണ് അനുഷ്ക ആദ്യതവണ എത്തിയത്. പിന്നീട്, പിങ്ക്, കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രമണിഞ്ഞും അനുഷ്ക പ്രത്യക്ഷപ്പെട്ടു. ലോറിയൽ അംബാസഡർമാരായ ഇവാ ലോംഗോറിയ, ആൻഡി മക്‌ഡൊവൽ എന്നിവർക്കൊപ്പമാണ് അനുഷ്ക റെഡ് കാർപെറ്റിൽ ചുവടുവച്ചത്. രണ്ട് തവണ പാം ഡി ഓർ ജേതാവായ കെൻ ലോച്ച് സംവിധാനം ചെയ്ത ദ ഓൾഡ് ഓക്കിന്റെ പ്രീമിയറിലും അനുഷ്ക പങ്കെടുത്തു.
അനുഷ്കയുടെ കാൻ ലുക്ക് സോഷ്യൽ മീഡിയയുടെയും ശ്രദ്ധ കവരുകയാണ്. അനുഷ്കയുടെ ചിത്രത്തിനു താഴെ ലവ് ഇമോജികൾ വാരിവിതറുകയാണ് ഭർത്താവും ക്രിക്കറ്ററുമായ വിരാട് കോഹ്ലി. നിങ്ങൾ വിസ്മയിപ്പിക്കുന്നു, എന്നാണ് ആലിയ ഭട്ട് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സോയ അക്തർ, പ്രീതി സിന്റ എന്നിവരും ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഇതാദ്യമായാണ് അനുഷ്‌ക കാൻ ചലച്ചിത്രമേളയുടെ വേദിയിലെത്തുന്നത്. സിനിമയിലെ സ്ത്രീകളെ ആദരിക്കുന്നതിനായി കേറ്റ് വിൻസ്‌ലെറ്റിനൊപ്പം താരം കാൻ ചലച്ചിത്രമേളയുടെ ഒരു പരിപാടിയിൽ പങ്കെടുക്കുമെന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് അനുഷ്ക. 2018 ലെ സീറോ എന്ന ചിത്രത്തിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. അടുത്തിടെ, നെറ്റ്ഫ്ലിക്‌സിന്റെ ക്വാലയിൽ അതിഥി വേഷത്തിലും അനുഷ്ക എത്തിയിരുന്നു. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവചരിത്രമായ ചക്ദ എക്സ്പ്രസിൽ അനുഷ്കയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.