കാത്തുകാത്തിരുന്ന വിരാട് കോഹ്‌ലി-അനുഷ്ക വിവാഹത്തിന് ഇന്നലെ ഇറ്റലിയിലെ മിലാൻ വേദിയായി. വിവാഹിതരായെന്ന വാർത്ത കോഹ്‌ലിയും അനുഷ്കയും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചതോടെയാണ് ഏറെ നാളായി നീണ്ടുന്ന വിവാഹ അഭ്യൂഹങ്ങൾക്ക് പരിസമാപ്തി ആയത്. വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം വിവാഹദിനത്തിൽ ഉറച്ചൊരു തീരുമാനവും വിരുഷ്ക ദമ്പതികൾ എടുത്തിരുന്നു.

”മരണംവരെ ഉറപ്പായും സ്നേഹിക്കുമെന്ന് ഞങ്ങൾ പരസ്പരം വാക്ക് നൽകി. ഈ സന്തോഷ വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നു. കുടുംബാംഗങ്ങളുടെയും ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹവും പിന്തുണയും ഈ ദിവസത്തെ കൂടുതൽ പ്രത്യകതയുളളതാക്കി. ഞങ്ങളുടെ യാത്രയിൽ ഒപ്പം നിന്നതിന് നന്ദി”- വിവാഹത്തിനുശേഷം കോഹ്‌ലിയും അനുഷ്കയും ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്.

ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിരുഷ്ക വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ