/indian-express-malayalam/media/media_files/uploads/2023/07/bahubali.jpg)
സ്വിറ്റ്സർലാൻഡിൽ നിന്നുള്ള ആരാധകരുടെ വീഡിയോ പങ്കുവച്ച് അനുരാഗ് കശ്യപ്, Anurag Kashyap/ Instagram
പുതിയ ചിത്രമായ കെന്നഡിയുടെ വിവിധ സ്ഥലങ്ങളിലെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് സംവിധായകൻ അനുരാഗ് കശ്യപ്. ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇപ്പോൾ സ്വിറ്റ്സർലാൻഡിലെത്തിയ സംവിധായകൻ, രാജമൗലി ചിത്രം ബാഹുബലിയ്ക്ക് ലഭിച്ച സ്വീകാര്യത കണ്ട് അത്ഭുതപ്പെടുകയാണ്. ഓരോ ചിത്രവും പ്രദർശിപ്പിക്കുന്നതിനു മുൻപ് ബാഹുബലി എന്ന് ഒരാൾ പറയുമെന്നും ബാക്കിയുള്ളവർ അത് ആവേശത്തോടെ ആവർത്തിക്കുമെന്നും അനുരാഗ് പറയുന്നു. അതൊരു ചടങ്ങു പോലെ അവിടെ തുടർന്നു കൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ കൗതുകം ഉണർത്തുന്ന ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. "അവരുടെ എക്കാലത്തെയും ഇഷ്ട ചിത്രം ബാഹുബലിയാണെന്ന് തോന്നുന്നു. ഓരോ ചിത്രം പ്രദർശിപ്പിക്കുന്നതിനു മുൻപ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ ബാഹുബലിയെന്ന് വിളിച്ച് പറയും. ബാക്കിയുള്ളവർ അതേറ്റ് പറയുകയും ചെയ്യുന്നു. ഒരു പ്രാവിശ്യം മാത്രമെ ഇങ്ങനെയുണ്ടാകൂ എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഇത് തുടർന്നു കൊണ്ടേയിരുന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം ഇതു തന്നെയായിരുന്നു പ്രധാന കാഴ്ച്ച. അങ്ങനെയുള്ള നാലു വീഡിയോകൾ ഇവിടെ പങ്കുവയ്ക്കുന്നു. രാജമൗലി ചിത്രങ്ങളോടുള്ള അവരുടെ സ്നേഹം അത്ര വലുതാണ്. അവർക്കിടയിലെ ഒരു റോക്ക്സ്റ്റാറാണ് രാജമൗലി."
ഇത് ഒരുപാട് വർഷങ്ങളായി നടക്കുന്ന ഒരു കാര്യമാണെന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "ഞാൻ ഇതിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കേട്ടിട്ടുണ്ട്, ഇത് റെക്കോർഡ് ചെയ്തതിനു നന്ദി," അയാൾ കുറിച്ചു.
പ്രഭാസ്, അനുഷ്ക റെഡ്ഡി എന്നിവരാണ് ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ഒരുപാട് ബോക്സ് ഓഫീസ് റെക്കോർഡുകൾ തീർത്തിരുന്നു. 2017 ൽ റിലീസിനെത്തിയ രണ്ടാം ഭാഗത്തോടെ തന്റെ തന്നെ റെക്കോർഡ് രാജമൗലി തിരുത്തി കുറിക്കുകയുണ്ടായി. ജപ്പാൻ, ചൈന എന്നിവടങ്ങളിൽ നിന്നും ചിത്രത്തിനെ തേടി അഭിനന്ദനങ്ങളുമെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.