വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘സൂപ്പർ ഡീലക്സി’ൽ. വിജയ് സേതുപതി ശില്പ എന്ന ട്രാൻസ് വുമൺ കഥാപാത്രമായി എത്തുന്ന ചിത്രം, അനൗൺസ് ചെയ്ത അന്നുമുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത് ‘സൂപ്പർ ഡീലക്സി’ന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ ഖേദമുണ്ടെന്ന് തുറന്നു പറയുകയാണ് അനുരാഗ് കശ്യപ്.
ക്ഷണിക്കപ്പെട്ട അതിഥികൾക്കു വേണ്ടി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് കണ്ടതിനു ശേഷമായിരുന്നു അനുരാഗിന്റെ പ്രതികരണം. പ്രത്യേക സ്ക്രീനിംഗിന് അനുരാഗിനെയും കുമാരരാജ ക്ഷണിച്ചിരുന്നു. ആന്തോളജി സിനിമ വിഭാഗത്തിൽ വരുന്ന ‘സൂപ്പർ ഡീലക്സി’ലെ ഒരു കഥ എഴുതാനായി കുമാരരാജ അനുരാഗിനെ സമീപിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ ഭാഗമാകാൻ അനുരാഗിനു കഴിഞ്ഞിരുന്നില്ല. മിഷ്കിൻ, നീലൻ കെ ശേഖർ, നളൻ കുമാരസ്വാമി, കുമാരരാജ എന്നിവരാണ് ‘സൂപ്പർ ഡീലക്സ്സി’ന്റെ കഥകൾ എഴുതിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് അനുരാഗ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണം ആരാധകരുമായി പങ്കുവെച്ചത്. “കുമാരരാജയുടെ ‘സൂപ്പർ ഡീലക്സ്’ കണ്ടു- അത്ഭുതപ്പെടുത്തുന്ന ചിത്രം, ആഘോഷിക്കാൻ ഒരുപാടുണ്ട്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ എനിക്ക് ഖേദം തോന്നി. കുമാരരാജ നിർഭയനായ സംവിധായകനാണ്,” തന്റെ ട്വിറ്റർ സന്ദേശത്തിൽ അനുരാഗ് കശ്യപ് കുറിക്കുന്നു.
Saw Kumar Raja’s “Super Deluxe” – mind blown … so much to celebrate..
— Anurag Kashyap (@anuragkashyap72) March 14, 2019
After having seen the film , my regret to not be part of “Super Deluxe” has grown multi-folds.. KumarRaja is an unabashed , fearless filmmaker with so many tricks up his sleeves. I am not at liberty to say things but you just don’t see it coming..
— Anurag Kashyap (@anuragkashyap72) March 14, 2019
വിജയ് സേതുപതിയ്ക്കും ഫഹദ് ഫാസിലിനുമൊപ്പം സാമന്ത അക്കിനേനി, മിഷ്കിൻ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രമ്യകൃഷ്ണൻ ഒരു പോൺസ്റ്റാറായാണ് ചിത്രത്തിലെത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം എന്നാണ് രമ്യ കൃഷ്ണൻ ‘സൂപ്പർ ഡീലക്സി’ലെ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. ലീല എന്നാണ് രമ്യ കൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ രമ്യയുടെ ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ടു ദിവസവും 37 ടേക്കും എടുക്കേണ്ടി വന്നു എന്ന് സംവിധായകന് ത്യാഗരാജന് കുമാരരാജയും ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് അകത്ത് വരുന്ന ‘മല്ലു അൺകട്ട്’ എന്ന സിനിമയിലെ പോൺ താരമായാണ് രമ്യ കൃഷ്ണൻ എത്തുന്നത്.
Read more: വിജയ് സേതുപതി ചിത്രത്തില്‍ രമ്യാ കൃഷ്ണന് പോണ് താരമായി എത്തുന്നു
ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആകാംക്ഷ ഉണർത്തുന്ന രീതിയിലുള്ള ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ചത്രം ശ്രദ്ധേയമാകുമെന്ന സൂചനകളാണ് ട്രെയിലറും തരുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 29 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.