ശീലങ്ങളാണ് നമ്മളെ സൃഷ്ടിക്കുന്നത്‌. ശീലങ്ങളുടെയും ശീലക്കേടുകളുടെയും ഒരു ആകെ തുക മാത്രമാണ് മനുഷ്യന്‍. ആശയങ്ങളുടെയും ഇഷ്ടങ്ങളുടെയും വൈരുധ്യങ്ങള്‍ക്കനുസരിച്ചാണ് ശീലങ്ങള്‍ ഉണ്ടാകുന്നത്. മറ്റുള്ളവര്‍ കേട്ട് ചിരിക്കുന്ന കാരണങ്ങള്‍ കൊണ്ടായിരിക്കാം ചിലപ്പോള്‍ ചില ശീലങ്ങളുടെ ജനനം.

എന്തായാലും പെട്ടെന്ന് അതൊക്കെ അങ്ങ് മാറ്റിയെടുക്കുക എന്ന് പറഞ്ഞാല്‍ അത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. അത്തരത്തിലുള്ള പ്രധാന ശീലമാണ് പുകവലിയും മദ്യപാനവും. എത്രയൊക്കെ ന്യായീകരിച്ചാലും ഇത്തരം ദുശ്ശീലങ്ങളുടെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഈ ദുശ്ശീലമെന്നു വിളിക്കുന്ന ഇത്തരം ശീലങ്ങളെ മാറ്റിയെടുക്കാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ല.

പറഞ്ഞ് വരുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപിനെ കുറിച്ചാണ്. കഴിഞ്ഞ 25 വര്‍ഷമായി തുടരുകയായിരുന്ന പുകവലി നിര്‍ത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ഇത്രയും കാലത്തെ ദുശ്ശീലം ഒഴിവാക്കി കശ്യപ് തന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും ഭക്ഷണത്തിലാണ് എന്നും പറയുന്നു.

കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിൽ കൂടിയാണ് കശ്യപ് ഇക്കാര്യം അറിയിക്കുന്നത്.

ഒരു ‘ചെയിന്‍ സ്മോക്കറിന്റെ’ കഥ പറയുന്ന ‘ നോ സ്മോക്കിങ്’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള ആളാണ്‌ കശ്യപ്. സിഗരറ്റ് വലി നിര്‍ത്തിയിട്ടു 40 ദിവസം ആയെന്നാണ്‌ പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുന്നത്.

“….25 വര്‍ഷം ചെയിന്‍ സ്മോക്കര്‍ ആയിരുന്ന ഞാന്‍,”നോ സ്മോക്കിങ്” എന്ന സിനിമ നിര്‍മ്മിച്ച ഞാന്‍, ജീവിതം സിഗരറ്റ് ഇല്ലാതെ മുമ്പത്തേക്കാള്‍ സുന്ദരമാണ് എന്ന് പറഞ്ഞു പോവുകയാണ്.”, കശ്യപ് പറയുന്നു.

സിഗരറ്റ് വലി നിര്‍ത്തിയതിനു ശേഷം പന്നിയെപ്പോലെ ഭക്ഷണം കഴിച്ച് തുടങ്ങി എന്നാണ് കശ്യപ് തന്നെ പറയുന്നത്. ഏതായാലും കുറെ കാലത്തെ ഒരു ദുശ്ശീലത്തില്‍ നിന്ന് പുറത്ത് കടന്നതിനു ശേഷം ജീവിതം കൂടുതല്‍ സന്തോഷകരമാക്കുകയാണ് കശ്യപ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ