ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളോടെ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവച്ച് സംവിധായകൻ അനുരാഗ് കശ്യപ്.

“ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവർ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്ക് പോലുമോ അറിയില്ല. യാഥാർഥ്യം എന്തെന്നാൽ ഇന്ന് അവൾക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ല എന്നതാണ്,” അനുരാഗ് കശ്യപ് പറഞ്ഞു.

രാത്രി ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിച്ചത്. മണികർണിക എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളെ കുറിച്ച് കങ്കണ സംസാരിക്കുന്ന അഭിമുഖത്തിന്റെ വീഡിയോ അദ്ദേഹം പങ്കുവച്ചു.

““ഞാൻ ഇന്നലെ കങ്കണയുടെ അഭിമുഖം കണ്ടു. അവൾ ഒരു കാലത്ത് എന്റെ ഒരു നല്ല സുഹൃത്തായിരുന്നു. എന്റെ സിനിമകളെ അവർ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ ഈ പുതിയ കങ്കണ എനിക്കറിയില്ല. മണികർണികയുടെ റിലീസിന് തൊട്ടുപിന്നാലെ വന്ന കങ്കണയുടെ ഈ ഭയപ്പെടുത്തുന്ന അഭിമുഖം ഞാൻ കണ്ടു.”

വിജയത്തിന്റെ ലഹരി എല്ലാവരേയും തുല്യമായി ബാധിക്കുമെന്നും എന്നാൽ എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നും 2015 ന് മുമ്പ് താൻ കങ്കണയിൽ നിന്ന് ഇതൊന്നും കേട്ടിട്ടില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.

“തന്റെ എല്ലാ സംവിധായകരെയും അപമാനിക്കുന്നയാൾ, എഡിറ്റിലിരുന്ന് എല്ലാ സഹതാരങ്ങളുടെയും വേഷങ്ങൾ വെട്ടിക്കുറയ്ക്കുന്നയാൾ. കങ്കണയെ അഭിനന്ദിക്കുന്ന അവളുടെ പഴയ സംവിധായകരിൽ ആരും തന്നെ ഇപ്പോൾ അവൾക്കൊപ്പം ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. മറ്റുള്ളവരെ അടിച്ചമർത്താനുള്ള കരുത്താണ് കങ്കണ നേടിയിരിക്കുന്നത്.”

“എന്താണ് സ്വയം ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതിന് പകരം, തലയിൽ കയറ്റി വയ്ക്കുന്നതിലൂടെ നിങ്ങൾ അവളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എനിക്ക് കൂടുതലൊന്നും പറയാനില്ല. അവൾ എന്താണ് ചെയ്യുന്നത്? അവൾ വിഡ്ഢിത്തമാണ് സംസാരിക്കുന്നത്. എല്ലാം ഇവിടെ അവസാനിക്കും. ഞാൻ അവളെ വളരെയധികം ആരാധിച്ചിരുന്ന ഒരാൾ ആയതുകൊണ്ട് തന്നെ ഈ കങ്കണയെ എനിക്ക് സഹിക്കാൻ കഴിയില്ല. മറ്റുള്ളവർക്ക്‌ സംസാരിക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യാം …”

“ഞാൻ സംസാരിക്കും. കങ്കണയുടെ ടീമിനോടാണ്. ഇതു മതിയാക്കിക്കൊള്ളൂ. ഇത് നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പോലും അംഗീകരിക്കുന്നില്ലെങ്കിൽ, എല്ലാവരും നിങ്ങളെ ഉപയോഗിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇന്ന് ആരും നിങ്ങൾക്കൊപ്പമില്ല. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. എന്നെ അപമാനിക്കണമെങ്കിൽ ആകാം, ” അനുരാഗ് കശ്യപ് കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook