ക്വീന്‍ സിനിമയുടെ സംവിധായകനായ വികാസ് ബേലിനെതിരെ ലൈംഗിക അതിക്രമ ആരോപണമുയര്‍ത്തിയ യുവതിയോട് മാപ്പ് ചോദിച്ച് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. അനുരാഗും വികാസും ഭാഗമായ ഫാന്റം ഫിലിംസിലെ ജോലിക്കാരിയായിരുന്ന യുവതിയാണ് വികാസിനെതിരെ ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് ഫാന്റം ഫിലിംസ് പിരിയുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
വികാസിനെതിരെ, സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നുവെന്നും അന്ന് തനിക്ക് ചെയ്യാവുന്നതിന് പരിമിതികളുണ്ടായിരുന്നുവെന്നും കശ്യപ് പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് അനുരാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഹഫിങ്ടണ്‍ പോസ്റ്റിലെഴുതിയ ആര്‍ട്ടിക്കിളിലായിരുന്നു യുവതി വികാസിനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെ ഇന്നലെയാണ് ഫാന്റം ഫിലിംസ് അവസാനിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതും.
തനിക്കുണ്ടായ അനുഭവം ഫാന്റം ഫിലിംസിലെ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നുവെന്നും എന്നാല്‍ നടപടികളുണ്ടായില്ലെന്നും യുവതി പറഞ്ഞിരുന്നു. യുവതിയുമായി താനും സഹപ്രവര്‍ത്തകരായ വിക്രമാദിത്യ മോട്ട്‌വാനെയും മധുവും സംസാരിച്ചിരുന്നുവെന്നും ഇരയായ പെണ്‍കുട്ടി നിശബ്ദയായിരുന്നതു കൊണ്ടാണ് താന്‍ ഇത്രയും നാളും നിശബ്ദത പാലിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അവള്‍ സ്വയം മുന്നോട്ട് വന്നതോടെ തന്റെ പിന്തുണ അറിയിക്കുന്നതായും അനുരാഗ് പറയുന്നു.
”ഞാന്‍ വിഷാദ രോഗത്തെ നേരിടുന്ന സമയമായിരുന്നു അത്. ഇത് മൂലം അവള്‍ എന്നോട് തന്റെ അനുഭവം തുറന്ന് പറയാന്‍ കുറേ സമയമെടുത്തു. അത് വ്യക്തിപരമായി വിഷമമുണ്ടാക്കി. എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പക്ഷെ ഇതൊന്നും എന്റെ ന്യായീകരണങ്ങളല്ല. ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ് ചോദിക്കുന്നു. ഒപ്പം എന്റെ പ്രവര്‍ത്തന പരിസരത്ത് ഇതുപോലൊന്ന് ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നു” അനുരാഗ് പറയുന്നു.
അനുരാഗിന് പിന്നാലെ ഫാന്റം ഫിലിംസിന്റെ ഭാഗമായിരുന്ന അനുരാഗും മധു മാന്റേനയും യുവതിയോട് മാപ്പ് ചോദിച്ച് രംഗത്തെത്തി. 2017 ല്‍ അനുരാഗ് പറയുമ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്നും ആര്‍ട്ടിക്കിളില്‍ പറയുന്ന കാര്യങ്ങളെല്ലാം അതേപടി യുവതി തങ്ങളോട് മൂന്ന് പേരോടുമായി പറഞ്ഞിരുന്നുവെന്നും വിക്രമാദിത്യ പറയുന്നു. സംഭവം തങ്ങളെ ഉലച്ചു കളഞ്ഞെന്നും വികാസിനെ ദീര്‍ഘനാളത്തേക്ക് കമ്പനിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നുവെന്നും വിക്രമാദിത്യ പറഞ്ഞു.
My statement in light of the recent HuffPost article and breaking up of Phantom . There are two pages.. pic.twitter.com/WCAsaj6uFR
— Anurag Kashyap (@anuragkashyap72) October 7, 2018