വേറിട്ടൊരു പ്രണയകഥ പറയുന്ന അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പിടിച്ചിരുത്തിക്കളഞ്ഞല്ലോ, കോടികൾ മുടക്കി എടുക്കുന്ന പടങ്ങൾക്കു പോലും പലപ്പോഴും തരാൻ കഴിയാത്ത ഒരു ദൃശ്യാനുഭവം കുറഞ്ഞ സമയത്തിൽ തരാൻ ഈ ഷോർട് ഫിലിമിനായി എന്നാണ് പ്രേക്ഷക പ്രതികരണം.
ഒരു മാസം മുൻപ് യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം ഇപ്പോഴും ട്രെൻഡിംഗ് ആണ്. മൂന്ന് മില്യണിലേറെ ആളുകളാണ് ഇതിനകം യുട്യൂബിൽ വീഡിയോ കണ്ടത്.
പാവത്താനായ അനുരാഗ് എന്ന കാമുകന്റെ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാസർകോടൻ ഗ്രാമമായ ചീമേനിയാണ് ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലം. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന് എന്ന കലിപ്പന് കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ വിനീത് വാസുദേവനാണ് അനുരാഗ് ആയി എത്തുന്നത്. അഖിലയാണ് ചിത്രത്തിലെ നായിക. വളരെ റിയലിസ്റ്റിക് ആയൊരുക്കിയ ഈ ഹ്രസ്വചിത്രത്തിന് അഴകേകുന്നത് കാസർകോടൻ ഭാഷയുടെ ലാളിത്യമാണ്.
കിരണ്‍ ജോസിയാണ് ‘അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. കിരൺ ഛായാഗ്രഹണവും ആദർശ് സദാനന്ദൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് മിലൻ ജോൺ സംഗീതം നൽകി, അരുൺ വെയ്ലർ ആണ് ഗാനം ആലപിച്ചത്. വിവേക് കളത്തിൽ കലാസംവിധാനവും വിഷ്ണു മണിക് വി.എഫ്.എക്സും കൈകാര്യം ചെയ്തിരിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി, റീജു ജോസ് എന്നിവരാണ് ചിത്രം നിർമിച്ചത്. രാഹുൽ കെ.ആർ, അഭിജിത് നായർ എന്നിവരാണ് സഹ നിർമാതാക്കൾ.