മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് തെലുങ്കു ചലച്ചിത്ര മേഖലയില്‍ സജീവമായ നടിയാണ് അനുപമ പരമേശ്വരന്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ‘ പ്രേമം’ ആണ് അനുപമയുടെ ആദ്യ ചിത്രം. കരിയര്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായെങ്കിലും മലയാളത്തില്‍ അധികം സിനിമകള്‍ അനുപമ ചെയ്തിട്ടില്ല. ‘മലയാള സിനിമ അനുപമയെ തഴയുകയാണോ?’ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നല്കിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ തെലുങ്കു ചിത്രമായ ‘കാര്‍ത്തികേയ 2’ യുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു അനുപമ. അവതാരകന്റെ ചോദ്യത്തിന് അങ്ങനെ തഴയുന്നതായിട്ടു തനിക്കു തോന്നിയിട്ടില്ലെന്നും, പ്രേമത്തിലെ പാട്ടിറങ്ങിയ സമയത്ത് തന്നെ ഏറെ സ്നേഹിച്ചവരാണ് മലയാളികളെന്നുമാണ് അനുപമ മറുപടി നല്‍കിയത്.
‘ അന്ന് ഭയങ്കര തെറ്റായിട്ടു സംസാരിക്കുന്ന ഒരു ഇരിങ്ങാലക്കുടക്കാരി കുട്ടിയായിരുന്നു ഞാന്‍. ഇന്ന് പക്ഷെ അങ്ങനെയല്ല, കുറച്ചു ഫില്റ്ററിട്ടാണ് സംസാരിക്കാറുളളത്. ഇന്‍ഡസ്ട്രി അടവുകളൊക്കെ പഠിച്ചെടുത്തു’ അനുപമ പറഞ്ഞു.
‘കാത്തികേയ 2’ ന്റെ കേരള റിലീസ് തീരുമാനിച്ചിരിക്കുന്നത് സെപ്തംബര്‍ 23 നാണ്. ചന്ദൂ മൊന്ഡേറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥ, അനുപമ പരമേശ്വരന്, അനുപം ഖേര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദുല്‍ഖര്‍ സല്മാന് പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ്’ ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.